Mullapperiyar issue in Keralam and Tamilnadu

ഇടുക്കി : ചെന്നൈ എന്ന മഹാ പട്ടണത്തിലെ പ്രളയ ദുരിതാശ്വാസത്തില്‍ പങ്കാളികളായി കേരള സര്‍ക്കാരും വിവിധ സംഘടനകളും മാധ്യമങ്ങളും ഉള്‍പ്പെടെയുള്ളവര്‍ തമിഴ്‌നാടിന്റെ കണ്ണീരൊപ്പാന്‍ അഹോരാത്രം പ്രയത്‌നിക്കുമ്പോള്‍ കേരളത്തിലെ ജനങ്ങളുടെ ജീവന്‍ പന്താടി തമിഴ്‌നാട് സര്‍ക്കാര്‍.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ആവര്‍ത്തിച്ച് തമിഴ്‌നാടിനെ കേരളം ആശങ്ക അറിയിച്ചിട്ടും മുഖം തിരിക്കുന്ന സമീപനമാണ് തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിച്ചത്.

കൂടുതല്‍ ജലം വൈഗ അണക്കെട്ടിലേക്ക് കൊണ്ടുപോയില്ലെങ്കില്‍ മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകള്‍ അപകടത്തിലാവുമെന്നും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപകടത്തിലാവുമെന്നായിരുന്നു കേരളത്തിന്റെ അഭ്യര്‍ത്ഥന.

എന്നാല്‍ ഈ അപേക്ഷ ഒന്നും പരിഗണിക്കാതെ, മുന്നറിയിപ്പ് പോലും നല്‍കാതെ തമിഴ്‌നാട് ഇടുക്കി അണക്കെട്ടിലേക്ക് വന്‍തോതില്‍ ജലം ഒഴുക്കി വിട്ടാണ് പ്രതികരിച്ചത്.

കേന്ദ്ര ജല കമ്മിഷനിലെ ധാരണ പ്രകാരം ഷട്ടറുകള്‍ തുറക്കുന്നതിന് മണിക്കൂര്‍ മുമ്പ് തമിഴ്‌നാട് കേരളത്തിന് ഔദ്യോഗിക അറിയിപ്പ് നല്‍കേണ്ടതാണ്. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ 24 മുതല്‍ കേരളം തമിഴ്‌നാടിനെ ആശങ്ക അറിയിച്ചിരുന്നതുമാണ്.

MULLAH3

മുന്നറിയിപ്പ് പോലുമില്ലാതെ പ്രതീക്ഷിച്ചതിലും നേരത്തെയാണ് തമിഴ്‌നാട് ഇടുക്കി അണക്കെട്ടിലേക്ക് വെള്ളം ഒഴുക്കിയത്.

രാത്രി ഏഴരക്ക് സ്പില്‍വെയിലെ രണ്ടാമത്തെ ഷട്ടര്‍ ഒന്നരയടി ഉയര്‍ത്തി തൊട്ടു പിന്നാലെ മൂന്നും നാലും ഷട്ടറുകളും ഉയര്‍ന്നു. അതേ നിമിഷം മാത്രമാണ് തേനി കളക്ടര്‍ ഇടുക്കി ജില്ലാ കളക്ടറെ തീരുമാനം അറിയിച്ചത്.

മൂന്ന് ഷട്ടറുകള്‍ വഴി 3000 ഘനയടി ജലം കൊണ്ടുപോകണമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ അതോടൊപ്പം തന്നെ ഉയര്‍ത്തിയ ഷട്ടറുകളുടെ എണ്ണം എട്ടിലേക്കാക്കുകയാണ് തമിഴ്‌നാട് ചെയ്തത്.

തമിഴ്‌നാട് അറിയിച്ചതിനേക്കാള്‍ 1500 ഘനയടി ജലമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കിയത്.

ജലനിരപ്പ് 142 ന് മുകളിലേക്ക് ഉയരുമെന്ന സ്ഥിതിയായതോടെയാണ് ഷട്ടറുകള്‍ തുറന്നത്.

മുന്നറിയിപ്പില്ലാത്ത ഈ നടപടിയില്‍ ആദ്യ മണിക്കൂറുകളില്‍ ഇടുക്കി ജില്ലാ ഭരണകൂടവും പകച്ചുപോയി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് പോലും സമയം ലഭിച്ചിരുന്നില്ല. അതിനിടെയാണ് നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 142 അടി വെള്ളമെത്തിയതോടെ പതിമൂന്ന് സ്പില്‍വേ ഷട്ടറുകളില്‍ ഇന്നലെ രാത്രി ഉയര്‍ത്തിയ എട്ടെണ്ണത്തിന് പുറമേയാണിത്. ജലനിരപ്പ് താഴ്ന്നതോടെ ഇവ ഇന്നു പുലര്‍ച്ചെ അഞ്ച് മണിയോടെ അടച്ചെങ്കിലും നീരൊഴുക്ക് കൂടിയതിനെ തുടര്‍ന്ന് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുകയായിരുന്നു.

മേല്‍നോട്ട സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ടുള്ള തമിഴ്‌നാടിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് കേരളത്തിന്റെ തീരുമാനം

അത്യന്തം ഗുരുതരമായ സാഹചര്യം മുന്നറിയിപ്പ് നല്‍കാതെ സൃഷ്ടിച്ച തമിഴ്‌നാടിന്റെ നടപടിക്കെതിരെ ജനങ്ങളില്‍ വ്യാപകമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.

പ്രളയത്തിന്റെ പരിണിതഫലം അനുഭവിച്ചുകൊണ്ടിരിക്കുന്ന തമിഴ്‌നാട് കേരളത്തിലെ ജനങ്ങളുടെ ജീവന് വില കല്‍പ്പിക്കാതിരുന്നത് ശരിയായ നടപടിയായില്ലായെന്നാണ് സംസ്ഥാനത്തിന്റെ വികാരം.

KSRTX

ചെന്നെ പ്രളയ കെടുതിയിലായപ്പോള്‍ കേരളം സഹായ ഹസ്തവുമായി എത്തിയതിനെ തമിഴക മാധ്യമങ്ങളും പ്രശംസിച്ചിരുന്നു.

കാരുണ്യത്തിന്റെ മുഖമായി പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ നിരവധി സൗജന്യ ബസ് സര്‍വ്വീസുകളാണ് കെ.എസ്.ആര്‍.ടി.സി നടത്തിയത്. ഇന്നലെവരെ മാത്രം 32 സര്‍വ്വീസ് നടത്തി.

സൗജന്യ യാത്രയ്ക്ക് പുറമെ ശുദ്ധജലവും ബിസ്‌കറ്റും പഴവുമെല്ലാം കെ.എസ്.ആര്‍.ടി.സി അധികൃതര്‍ നല്‍കിയിരുന്നു.

ദിനമലര്‍ ഉള്‍പ്പെടെയുള്ള തമിഴ്‌നാട്ടിലെ പ്രധാന മാധ്യമങ്ങള്‍ പ്രാധാന്യത്തോടെയാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

കോയമ്പേട് ബസ് ബേയില്‍ നിന്നാണ് കെ.എസ്.ആര്‍.ടി.സി സര്‍വ്വീസുകള്‍ ആരംഭിക്കുന്നത് എന്നതിനാല്‍ ഓരോ ബസിനും ഡീസലടിക്കാന്‍ 6000 രൂപ വീതം നല്‍കിയാണ് ട്രിപ്പിന് അയക്കുന്നത്.

കോയമ്പേട്ട് ബസ് ടെര്‍മിനലില്‍ നോര്‍ക്കയുടെ കൗണ്ടറും കേരളം തുറന്നിട്ടുണ്ട്.

MULLAH

ഇതിനു പുറമെ മമ്മൂട്ടി, മഞ്ജുവാര്യര്‍ തുടങ്ങി മലയാളത്തിലെ താരപ്പടയും സഹായങ്ങളുമായി എത്തി. സംസ്ഥാന സര്‍ക്കാരിന് പുറമെ സാംസ്‌കാരിക സന്നദ്ധ സംഘടനകളുടെയും മാധ്യമങ്ങളുടേയും വിവിധ സംഘടനകളുടേയും നേതൃത്വത്തില്‍ ചെന്നെയ്ക്ക് ഒരു കൈത്താങ്ങായി സഹായങ്ങളുമായി വിവിധ സംഘങ്ങളും രംഗത്തിറങ്ങി കഴിഞ്ഞു.

തമിഴ്‌നാടിന്റെ കണ്ണീരൊപ്പാന്‍ അതിര്‍ത്തി കടന്ന് കുതിച്ചു പായുന്നവരുടെ കുടുംബങ്ങള്‍ അടക്കം ലക്ഷക്കണക്കിന് മലയാളികളുടെ ജീവനാണ് ഇപ്പോള്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതുവഴി തമിഴ്‌നാട് മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത്.

Top