Mullapperiyar issue; Jaya meets PM Modi, seeks nod to fix water level at 152ft

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന അനുകൂലമാക്കി.

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്നും നിലവിലെ ഡാമിന് ബലക്ഷയമില്ലെന്നാണ് വിദഗ്ദസമിതി റിപ്പോര്‍ട്ടുമെന്ന പിണറായിയുടെ പ്രസ്താവനയുടെ ചുവടുപിടിച്ചാണ് ജയലളിതയുടെ നീക്കം.

കേരള മുഖ്യമന്ത്രിയായി അധികാരമേറ്റ് ആദ്യ ഡല്‍ഹി സന്ദര്‍ശനത്തിലാണ് കേരളത്തിന്റെ പ്രഖ്യാപിത നിലപാടും നിയമസഭാ തീരുമാനവും കാറ്റില്‍പ്പറത്തി പുതിയ ഡാം വേണ്ടെന്ന നിലപാട് പിണറായി വ്യക്തമാക്കിയത്. ഇതോടെ മുല്ലപ്പെരിയാല്‍ സമരസമിതിയും പ്രതിപക്ഷ കക്ഷികളും പിണറായിക്കെതിരെ തിരിഞ്ഞിരുന്നു.

അതേസമയം പിണറായിക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് തമിഴ്‌നാടില്‍ ഫ്‌ളക്‌സുകള്‍ ഉയരുകയും ചെയ്തു. ജയലളിത അടക്കമുള്ള തമിഴ്‌നാട്ടിലെ രാഷ്ട്രീയ കക്ഷികള്‍ പിണറായിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുകയും ചെയ്തു.

കേരളത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് തമിഴ്‌നാടുമായി ചര്‍ച്ച നടത്തുമെന്നും തന്റെ പ്രസ്താവന ജലനിരപ്പ് ഉയര്‍ത്തുന്നതിനുള്ള അംഗീകാരമല്ലെന്നും പിണറായി വിശദീകരിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായി വീണ്ടും അധികാരമേറ്റശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ ജയലളിത പ്രധാനമന്ത്രിയോട് മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. കൂടുതല്‍ ജലം ഉള്‍ക്കൊള്ളാന്‍ വിധം തമിഴ്‌നാട് അണക്കെട്ട് ബലപ്പെടുത്തിയിട്ടുണ്ടെന്നും, 7.85 കോടി രൂപ ചെലവഴിച്ച് ബേബി ഡാം ബലപ്പെടുത്തിയെന്നും പുതിയ ഡാം പണിയാന്‍ കേരളത്തെ അനുവദിക്കരുതെന്നും ജയലളിത ആവശ്യപ്പെട്ടു. ഇതോടെ മുല്ലപ്പെരിയാര്‍ പ്രശ്‌നം വീണ്ടും ദേശീയതലത്തില്‍ ശ്രദ്ധാകേന്ദ്രമാവുകയാണ്

Top