കുമളി: മുല്ലപ്പെരിയാര്‍ ഡാമിലെ തുറന്ന മൂന്നു സ്പില്‍വേ ഷട്ടറുകളില്‍ ഒരെണ്ണം അടച്ചു. ഡാമിലേക്കുള്ള നീരൊഴുക്കു കുറഞ്ഞതിനെ തുടര്‍ന്നാണ് ഷട്ടര്‍ അടച്ചത്. ഇപ്പോള്‍ 141.7 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 2600 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട്ടിലേക്ക് സെക്കന്‍ഡില്‍ 2000 ഘനയടി വെള്ളം കൊണ്ടുപോകുന്നു.
ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്നു തിങ്കളാഴ്ച രാത്രി എട്ടരയോടെ എട്ടു ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം ഒഴുക്കിയിരുന്നു. പിന്നീട് ചൊവ്വാഴ്ച രാവിലെ അഞ്ചോടെ ഷട്ടറുകള്‍ അടച്ചിരുന്നു. ശക്തമായ നീരൊഴുക്കുള്ളതിനാല്‍ ജലനിരപ്പ് വീണ്ടും ഉയരുന്നതിനിടെയാണ് വീണ്ടും ഷട്ടറുകള്‍ തുറന്നത്.
മഴ ഇനിയും തുടര്‍ന്നാല്‍ ഇടുക്കി അണക്കെട്ടിലേക്ക് കൂടുതല്‍ ജലമൊഴുക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ഇതുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ പെരിയാറിന്റെ തീരത്ത് ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. കൂടുതല്‍ ഇടങ്ങളില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കാനും തീരവാസികളുടെ വഴി തടസ്സപ്പെടുത്തി സ്വകാര്യ എസ്റ്റേറ്റുടമകള്‍ സ്ഥാപിച്ച വേലിക്കെട്ടുകളും ഗേറ്റുകളും പൊളിച്ചുനീക്കാനുമുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമായി.
കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ പെരിയാറിന്റെ തീരത്ത് ജാഗ്രതാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഉദ്യോഗസ്ഥസംഘം തീരമേഖലകളില്‍ മൈക്കില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കുന്നുണ്ട്.
206 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല. ഒട്ടും സൗകര്യങ്ങളില്ലാതെ ക്യാമ്പുകളിലേക്ക് മാറാന്‍ നാട്ടുകാര്‍ മടിക്കുകയാണ്. അപ്രതീക്ഷിതമായി ഷട്ടര്‍ തുറന്നുവിട്ടതില്‍ പ്രതിഷേധിച്ച്, ആദ്യം വെള്ളം ഒഴുകിയെത്തുന്ന വള്ളക്കടവ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലുള്ളവര്‍ വന്‍ പ്രതിഷേധത്തിലാണ്.