മുംബൈ: മഹാരാഷ്ട്രയിലെ ഹോട്ടലുകൾ ഉള്‍പ്പെടെയുള്ള കടകള്‍ക്ക് 24 മണിക്കൂർ തുറന്ന് പ്രവര്‍ത്തിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അനുമതി നല്‍കി.
രാജ്യത്ത് ആദ്യമായാണ് കടകൾക്ക് ഇത്തരത്തിൽ പ്രവർത്തിക്കുന്നതിന് അനുവാദം നൽകുന്നത്.
2017-ലെ മഹാരാഷ്ട്ര ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ ഭേദഗതി വരുത്തിയാണ് പുതിയ അനുമതി നല്‍കിയിട്ടുള്ളത്.
സിനിമ തീയേറ്ററുകൾ, സലൂണുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, മാളുകള്‍, ബാങ്കുകള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നവര്‍, ടാക്സ് കണ്‍സള്‍ട്ടേഴ്സ് തുടങ്ങിയ എല്ലാ സ്ഥാപനങ്ങള്‍ക്കും 24 മണിക്കൂറും തുറന്നു പ്രവര്‍ത്തിക്കാം.
എന്നാൽ മദ്യവില്‍പന കേന്ദ്രങ്ങൾക്ക് അനുവാദമില്ല. പുതിയ ഭേദഗതി പ്രകാരം സംസ്ഥാനത്തെ 33 ലക്ഷം ഷോപ്പുകള്‍ക്കാണ് പ്രയോജനപ്പെടുക.
2016 ലെ കേന്ദ്ര ഷോപ്പ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്‌ട് അനുസരിച്ചാണ് മഹാരാഷ്ട്ര നിയമഭേദഗതി കൊണ്ടുവന്നത്.
ഭേദഗതി വരുത്തിയ നിയമം വര്‍ണറുടെ അനുമതിയോടെ മഹാരാഷ്ട്ര നിയമസഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടി.
നിയമത്തിന് മുൻപ് കടകൾക്ക് രാത്രി 10 വരെ മാത്രമെ പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടായിരുന്നുള്ളു. മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ക്ക് രാത്രി 9.30 വരെയും റെസ്റ്റൊറന്റുകള്‍ രാത്രി 12.30 വരെയും പ്രവര്‍ത്തിക്കാൻ അനുമതി നൽകിയിരുന്നു. ഇതിനാണ് ഇപ്പോൾ മാറ്റം വരുന്നത്.
കൂടാതെ രാത്രി 9.30 മുതല്‍ പുലര്‍ച്ചെ എഴുവരെ സ്ത്രീകള്‍ക്ക് രാത്രി ജോലികളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരത്തോടെ മാത്രം പൊലീസിനോ പ്രാദേശിക ഭരണകൂടത്തിനോ ഏതെങ്കിലും പ്രദേശത്ത് രാത്രി കടകള്‍ തുറന്നുവെക്കുന്നത് ഒഴിവാക്കാന്‍ അനുമതിയുണ്ട്. ഇതിനായി പ്രത്യേക വിജ്ഞാപനം ഇറക്കും.
ജീവനക്കാരുടെയും, സ്ത്രീ തൊഴിലാളികളുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്ന വ്യവസ്ഥയും പുതിയ ഭേദഗതിയിലുണ്ട്.
തൊഴിലാളികളുടെ ഉത്തരവാദിത്തം സ്ഥാപനത്തിന്റെ ഉടമയ്ക്കാണ്. ഒൻപത് മണിക്കൂർ കൂടുതൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് മുന്നുമണിക്കൂര്‍ വീതമുള്ള വ്യത്യസ്ത ഷിഫ്റ്റുകള്‍ നല്‍കണമെന്നും നിർദേശമുണ്ട്.
ജീവനക്കാർക്ക് നേരെ ആക്രമണമോ, അവർ കൊല്ലപ്പെടുകയോ തൊഴിലുടമയ്ക്ക് ആറുമാസം തടവും അഞ്ചുലക്ഷം പിഴയും ശിക്ഷ ലഭിക്കും.
പത്തിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ അംഗീകാരം നൽകിയിരിക്കുന്ന ലൈസന്‍സ് ഉണ്ടാകണമെന്നും പുതിയ നിയമത്തിൽ പറയുന്നു.