ശിവസേന ആസ്ഥാനത്ത് ശ്രദ്ധ നേടി ബാല്‍ താക്കറെയുടെയും ഇന്ദിരാഗാന്ധിയുടെയും ചിത്രമുള്ള പോസ്റ്റര്‍

മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ അധികാരമേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ മുംബൈയിലെ ശിവസേന ആസ്ഥാനത്ത് ഉയര്‍ന്ന ബാല്‍ താക്കറെയുടെയും ഇന്ദിരാഗാന്ധിയുടെയും ചിത്രങ്ങളുള്ള പോസ്റ്റര്‍ ജന ശ്രദ്ധ നേടുന്നു.

‘ബാലാസാഹേബ് താക്കറെയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. ശിവസേനയില്‍നിന്ന് മുഖ്യമന്ത്രി’ എന്നെഴുതിയ പോസ്റ്ററിലാണ് ബാല്‍ താക്കറെയുടേയും ഇന്ദിരാഗാന്ധിയും ഒരുമിച്ചുള്ള ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. ഉദ്ധവിന്റെയും മകനും വര്‍ളി എം.എല്‍.എയുമായ ആദിത്യ താക്കറെയുടെയും ചിത്രവും പോസ്റ്ററിലുണ്ട്.

1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനം ഉള്‍പ്പെടെ ഇന്ദിരാഗാന്ധിയുടെ പല നടപടികളെയും ബാല്‍ താക്കറെ പിന്തുണച്ചിരുന്നുവെന്നാണ് ശിവസേന അഭിപ്രായപ്പെടുന്നത്.

മുഖ്യമന്ത്രിസ്ഥാനം പങ്കുവെക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യോജിപ്പിലെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ബി.ജെ.പി-ശിവസേന സഖ്യം തകര്‍ന്നത്.

നീണ്ട ദിവസത്തെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ഇന്ന് വൈകിട്ട് 6.45ന് ദാദര്‍ ശിവാജി പാര്‍ക്കിലാണ് ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

Top