ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്സിയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്സി

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്സിയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്സി. സ്വന്തം തട്ടകമായ മുംബൈ ഫുട്ബോള്‍ അരീനയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് മുംബൈയുടെ വിജയം. ഇതോടെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും മുംബൈയ്ക്ക് സാധിച്ചു.

11 മത്സരങ്ങളില്‍ നിന്ന് ആറ് വിജയവുമായി 22 പോയിന്റാണ് മുംബൈ സിറ്റി എഫ്സിയുടെ അക്കൗണ്ടിലുള്ളത്. തുടര്‍ച്ചയായ രണ്ടാം പരാജയവും വഴങ്ങിയ ചെന്നൈയിന്‍ എഫ്സി പോയിന്റ് പട്ടികയില്‍ ആറാമതാണ്. 12 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയം മാത്രമുള്ള ചെന്നൈയിന് 12 പോയിന്റാണുള്ളത്.രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്. 52-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്തെയിലൂടെയാണ് മുംബൈ ആദ്യം ലീഡെടുത്തത്. 80-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് വിക്രം പ്രതാപ് സിങ് മുംബൈയുടെ സ്‌കോര്‍ ഇരട്ടിയാക്കി. രണ്ടാം പകുതിയുടെ നിശ്ചിത സമയം അവസാനിക്കാനിരിക്കെ മൂന്നാമതും ചെന്നൈയുടെ വല കുലുങ്ങി. ഗുര്‍കിരത് സിങ് മൂന്നാം ഗോളും നേടിയതോടെ മുംബൈ ആധികാരിക വിജയം ഉറപ്പിച്ചു.

കൊച്ചിയില്‍ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് വഴങ്ങിയ പരാജയത്തിന്റെ ക്ഷീണത്തിലായിരുന്നു മുംബൈ സ്വന്തം ആരാധകരുടെ മുന്നിലിറങ്ങിയത്. ലീഗിലെ അരങ്ങേറ്റക്കാരായ പഞ്ചാബ് എഫ്സിയോടേറ്റ തോല്‍വിയുടെ ആഘാതത്തിലാണ് ചെന്നൈയിനും മുംബൈയിലെത്തിയത്. ആദ്യപകുതി ഗോള്‍രഹിതമായി അവസാനിച്ചു.

Top