നവി മുംബൈ: എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ മറ്റൊരു തോല്‍വി കൂടി നേരിട്ട് മുംബൈ സിറ്റി എഫ്‌സി. എഎഫ്സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ സൗദി സൂപ്പര്‍ ക്ലബ്ബായ അല്‍ ഹിലാലിനോടാണ് മുംബൈ സിറ്റി എഫ്‌സി പരാജയം വഴങ്ങിയത്. നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സൗദി വമ്പന്മാരായ അല്‍ ഹിലാല്‍ സ്വന്തമാക്കിയത്.
ലീഗിലെ ആദ്യ പാദ മത്സരത്തില്‍ കനത്ത തോല്‍വി വഴങ്ങിയ മുംബൈയ്ക്ക് സ്വന്തം നാട്ടില്‍ സൗദി വമ്പന്മാര്‍ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞു. രണ്ടാം പകുതിയില്‍ പത്തുപേരായി ചുരുങ്ങേണ്ടി വന്നിരുന്നെങ്കിലും അവസാന പത്തുമിനിറ്റില്‍ നാല് തവണ ജേതാക്കളായ അല്‍ ഹിലാലിനോട് പൊരുതിനില്‍ക്കാന്‍ മുംബൈയ്ക്ക് കഴിഞ്ഞു. 10 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് അല്‍ ഹിലാല്‍. നാല് മത്സരങ്ങളിലും പരാജയം വഴങ്ങേണ്ടി വന്ന മുംബൈ സിറ്റി എഫ്സിയാണ് ഗ്രൂപ്പിലെ അവസാനക്കാര്‍.
സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയായിരുന്നു അല്‍ ഹിലാല്‍ ഇന്ത്യന്‍ ക്ലബ്ബിനെതിരെ ഇറങ്ങിയത്. അല്‍ ഹിലാലിനായി മൈക്കല്‍, മുന്‍ ഫുള്‍ഹാം ഫോര്‍വേഡ് അലക്സാണ്ടര്‍ മിട്രോവിച്ച് എന്നിവര്‍ വല കുലുക്കി. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 62-ാം മിനിറ്റില്‍ മൈക്കല്‍ ഡെല്‍ഗാഡോ നേടിയ ഗോളില്‍ അല്‍ ഹിലാല്‍ ലീഡ് നേടി. ആദ്യ പാദത്തില്‍ ഹാട്രിക്ക് നേടിയ അലക്‌സാണ്ടര്‍ മിട്രോവിച്ച് 85-ാം മിനിറ്റില്‍ സൗദി പ്രോ ലീഗ് ടീമിന്റെ വിജയം ഉറപ്പിച്ചു. 54-ാം മിനിറ്റില്‍ മെഹ്താബ് സിങ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ പത്തു പേരുമായാണ് മുബൈ മത്സരം അവസാനിപ്പിച്ചത്.