മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ഇന്ന് ജാമ്യം ലഭിച്ചില്ലെങ്കില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് മുംബൈ പൊലീസ് പറയുന്നത്.
യുവതി പീഡന പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞ് ജൂണ്‍ 20നാണ് ബിനോയ് മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോര്‍ട്ടില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. വിവാഹം ചെയ്ത് ഉപേക്ഷിച്ചതിന് 5 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവതി അയച്ച വക്കീല്‍ നോട്ടീസും വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയെന്ന് കാട്ടി യുവതി പൊലീസില്‍ നല്‍കിയ പരാതിയും കാണിച്ച് ഇത് പണം തട്ടാനുള്ള ശ്രമമാണെന്നാണ് പ്രതിഭാഗം വാദിച്ചത്.
എന്നാല്‍ യുവതിക്കും കുഞ്ഞിനും ദുബായ് സന്ദര്‍ശിക്കാന്‍ ബിനോയ് സ്വന്തം ഈമെയിലില്‍ നിന്ന് അയച്ച വിസയും വിമാനടിക്കറ്റും യുവതിയുടെ അഭിഭാഷകന്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് പുറമെ കോടതി അനുവദിച്ച പ്രത്യേക അഭിഭാഷകന്‍ ഇന്ന് യുവതിക്കായി വാദങ്ങള്‍ എഴുതി നല്‍കും. കൂടുതല്‍ തെളിവുകളും ഹാജരാക്കുമെന്നാണ് അറിയുന്നത്.
ബിനോയ്‌ക്കെതിരെ ദുബായിയില്‍ ക്രിമിനല്‍ കേസുള്ളത് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മറച്ചുവച്ചു, കേരളത്തിലെ മുന്‍ ആഭ്യന്തരമന്ത്രിയാണ് ബിനോയ്‌യുടെ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെന്നത് സൂചിപ്പില്ല എന്നു തുടങ്ങി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകും എന്ന് ബിനോയ് ഭീഷണിപ്പെടുത്തിയതടക്കം അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുവിഭാഗത്തിന്റെ വാദവും സമര്‍പ്പിക്കപ്പെട്ട തെളിവുകളും പരിശോധിച്ചാകും അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എം എച്ച് ഷെയ്ക്ക് മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ ഉത്തരവ് പറയുക.
ജൂണ്‍ 13 നാണ് ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശി മുംബൈ ഓഷിവാര സ്റ്റേഷനില്‍ പീഡന പരാതി നല്‍കിയത്. കസ്റ്റഡിയിലെടുക്കാന്‍ മുംബൈ പൊലീസ് കേരളത്തിലെത്തിയപ്പോള്‍ ബിനോയ് ഒളിവില്‍ പോയി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡന്‍ഡോഷി സെഷന്‍സ് കോടതിയില്‍ ബിനോയ് ജാമ്യഹര്‍ജി നല്‍കിയത്.
ബ്ലാക്ക്മെയില്‍ ചെയ്ത് പണംതട്ടാനാണ് പരാതിനല്‍കിയതെന്ന് വാദിച്ച ബിനോയിയുടെ അഭിഭാഷകന്‍ പരാതിക്കാരിയുടെ മൊഴിയിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചു.അഞ്ച് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അയച്ച വക്കീല്‍ നോട്ടീസില്‍ ബിനോയ് തന്നെ കല്യാണം കഴിച്ചതാണെന്ന് യുവതി പറയുന്നു. എന്നാല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണുള്ളത്. 2010 ജൂലൈ 22 ന് ജനിച്ച ആണ്‍കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നാണ് പരാതിക്കാരി പറയുന്നത്. ഇരുവരും വിവാഹം ചെയ്തതായി, 2015 ജനുവരി 28 ന് മുംബൈ നോട്ടറിക്ക് മുമ്പാകെ സത്യവാങ്മൂലം രേഖപ്പെടുത്തി എന്നും യുവതി പറയുന്നു. എന്നാല്‍ ഈ സമയത്ത് ബിനോയ് ദുബായിലാണെന്ന് തെളിയിക്കുന്ന പാസ്പോര്‍ട്ട് രേഖ പ്രതിഭാഗം കോടതിക്ക് കൈമാറിയിട്ടുണ്ട്