വാട്സ്ആപ്പില്‍ ലഭിക്കുന്ന നോട്ടീസ് കൈപ്പറ്റുന്ന നോട്ടീസിന് സമാനം ; മുംബൈ ഹൈക്കോടതി

bombay hc

മുംബൈ: വാട്സ്ആപ്പില്‍ ലഭിക്കുന്ന നോട്ടീസ് നേരിട്ട് കൈപ്പറ്റുന്ന നോട്ടീസിന് സമാനമായി പരിഗണിക്കപ്പെടുമെന്ന് മുംബൈ ഹൈക്കോടതി. വാട്സ്ആപ്പില്‍ അയക്കുന്ന വക്കീല്‍ നോട്ടീസുകള്‍ക്ക് നിയമ സാധുതയുണ്ടെന്നും, വാട്സ്ആപ്പില്‍ അയക്കുന്ന സന്ദേശം തുറന്നു വായിച്ചു കഴിഞ്ഞാല്‍ സേന്ദശമയക്കുന്നയാള്‍ക്ക് തിരികെ ലഭിക്കുന്ന ‘ബ്ലൂടിക്’ നിര്‍ബന്ധമാണെന്നും കോടതി വ്യക്തമാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് പണം അടക്കുന്നതില്‍ വീഴ്ച വരുത്തിയതിനേത്തുടര്‍ന്ന് മുംബൈ നിവാസിയായ രോഹിത് ജാധവ് എന്നയാള്‍ക്ക് എസ്.ബി.ഐ കാര്‍ഡ് വിഭാഗം അയച്ച നോട്ടീസുകള്‍ സ്വീകരിക്കുന്നില്ലെന്ന് കാണിച്ചാണ് ബാങ്ക് കോടതിയെ സമീപിച്ചത്. നിരവധി തവണ ഫോണ്‍ വഴിയും നേരിട്ടും അദ്ദേഹവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചതായും ബാങ്ക് കോടതിയെ അറിയിച്ചു. ജൂണ്‍ എട്ടിന് കമ്പനി ജാധവിന് വാട്സ്ആപ്പ് വഴി നോട്ടീസ് അയച്ചു. പി.ഡി.എഫ് ഫയലാണ് സന്ദേശത്തിനൊപ്പം ലീഗല്‍ നോട്ടീസ് അയച്ചത്.

ഇതിന് തെളിവായി ‘ബ്ലൂടിക്കോ’ടു കൂടിയ വാട്സ്ആപ്പ് സന്ദേശവും, മെസേജ് ഇന്‍ഫോയിലെ സമയ വിവരങ്ങളും ബാങ്ക് കോടതിക്കുമുന്നില്‍ സമര്‍പ്പിച്ചു. ഇതില്‍ നിന്നും ജാധവ് നോട്ടീസും സന്ദേശവും തുറന്ന് വായിച്ചതായും മനസ്സിലാക്കുന്നതായി ജസ്റ്റിസ് ഗൗതം പട്ടേല്‍ പറഞ്ഞു. ഒരു ലക്ഷം രൂപ ജാധവ് നല്‍കാനുണ്ട്. ഈ വിവരം അറിയിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ബാങ്ക് കോടതിയെ സമീപിച്ചത്.

Top