വാണ്ടറേഴ്‌സ്: ദക്ഷിണാഫ്രിക്കന്‍ ട്വന്റി 20 ലീഗില്‍ തകര്‍പ്പന്‍ ജയവുമായി മുംബൈ ഇന്ത്യന്‍സ് കേപ്ടൗണ്‍. 98 റണ്‍സിനാണ് ജോബര്‍ഗ് സൂപ്പര്‍ കിംഗ്‌സിനെ കേപ്ടൗണ്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേപ്ടൗണ്‍ അഞ്ച് വിക്കറ്റിന് 243 റണ്‍സെടുത്തു. മറുപടി പറഞ്ഞ സൂപ്പര്‍ കിംഗ്‌സ് 145 റണ്‍സില്‍ എല്ലാവരും പുറത്തായി.
മത്സരത്തില്‍ ടോസ് നേടിയ ജോബര്‍ഗ് സൂപ്പര്‍ കിംഗ്‌സ് ബൗളിംഗ് തിരഞ്ഞെടുത്തു. കേപ്ടൗണിനായി ആദ്യ വിക്കറ്റില്‍ റാസി വാന്‍ഡര്‍ ഡസ്സനും റയാന്‍ റിക്കെല്‍ടണും സ്വപ്ന തുല്യമായ തുടക്കം നല്‍കി. ആദ്യ വിക്കറ്റില്‍ ഇരുവരും 200 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 50 പന്തില്‍ ഒമ്പത് ഫോറും ആറ് സിക്‌സും സഹിതം ഡസ്സന്‍ 104 റണ്‍സെടുത്തു. 49 പന്ത് നേരിട്ട റിക്കെല്‍ടണ്‍ ആറ് ഫോറും എട്ട് സിക്‌സും സഹിതമാണ് 98 റണ്‍സെടുത്തത്.
മറുപടി ബാറ്റിംഗില്‍ വിജയലക്ഷ്യത്തിലേക്കുള്ള ബാറ്റിംഗ് സൂപ്പര്‍ കിംഗ്‌സ് പുറത്തെടുത്തില്ല. 48 റണ്‍സെടുത്ത ല്യൂസ് ഡു പ്ലൂയ് ടോപ് സ്‌കോററായി. ജയത്തോടെ പോയിന്റ് ടേബിളില്‍ രണ്ടാമതെത്താനും കേപ്ടൗണിന് കഴിഞ്ഞു. ഡര്‍ബനാണ് ഒന്നാമത്.