ബെംഗളൂരു: ബാംഗ്ലൂരിനെതിരെ ആധികാരിക ജയത്തോടെ മുംബൈ ഇന്ത്യന്‍സ് പോയന്റ് പട്ടികയില്‍ ആദ്യനാലിലെത്തി. സീസണിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്തായ ബാംഗ്ലൂരിനെതിരെ എട്ട് പന്തും ആറ് വിക്കറ്റും ബാക്കിനില്‍ക്കെയാണ് മുംബൈ ജയം നേടിയത്.
സ്‌കോര്‍: 151/4 (20 ഓവര്‍); മുംബൈ 153/ 4 (18.4 ഓവര്‍).
ഓപ്പണര്‍മാരായ വിരാട് കോലിയും (7) ക്രിസ് ഗെയ്‌ലും (5) വേഗത്തില്‍ പുറത്തായ മത്സരത്തില്‍ ലോകേഷ് രാഹുലിന്റെ അപരാജിത അര്‍ധസെഞ്ച്വറിയാണ് (53 പന്തില്‍ 68*) ബാംഗ്ലൂര്‍ ഇന്നിങ്‌സിന് കരുത്തുപകര്‍ന്നത്.
അവസാന ഘട്ടത്തില്‍ തകര്‍ത്തടിച്ച മലയാളി താരം സച്ചിന്‍ ബേബിയാണ് സ്‌കോര്‍ 150 കടത്തിയത്. 13 പന്തില്‍ രണ്ടുവീതം സിക്‌സും ഫോറുമടക്കം സച്ചിന്‍ പുറത്താകാതെ 25 റണ്‍സെടുത്തു. ഡിവില്ലിയേഴ്‌സും (27 പന്തില്‍ 24) ഷെയ്ന്‍ വാട്‌സണുമാണ് (14 പന്തില്‍ 15) പുറത്തായ മറ്റ് ബാംഗ്ലൂര്‍ ബാറ്റ്‌സ്മാന്‍മാര്‍.
മറുപടി ബാറ്റിങ്ങില്‍ ഓപ്പണര്‍ പാര്‍ഥിവ് പട്ടേലിനെ (1) അമ്പാട്ടി റായുഡു (47 പന്തില്‍ 44) ക്യാപ്റ്റന്‍ രോഹിത് ശര്‍മ (24 പന്തില്‍ 24) എന്നിവരുടെ മികവില്‍ നന്നായി തുടങ്ങി. രോഹിത്, നിതീഷ് റാണ (9), റായുഡു എന്നിവര്‍ മടങ്ങിയതോടെ മുംബൈ 15.1 ഓവറില്‍ നാലിന് 98 എന്ന നിലയില്‍ പതറി.
എന്നാല്‍, ജയിക്കാന്‍ 29 പന്തില്‍ 54 റണ്‍സെന്ന നിലയില്‍ ഒന്നിച്ച പൊള്ളാര്‍ഡ്‌ജോസ് ബട്ട്‌ലര്‍ സഖ്യം 21 പന്തില്‍ 55 റണ്‍സ് ചേര്‍ത്ത് ബാംഗ്ലൂരിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തുകയായിരുന്നു. പൊള്ളാര്‍ഡ് 19 പന്തില്‍ (3 ബൗണ്ടറി, 2 സിക്‌സ്) 35 റണ്‍സ് എടുത്തപ്പോള്‍ ബട്ട്‌ലര്‍ ഒരു ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പെടെ 11 പന്തില്‍ 29 റണ്‍സെടുത്തു.