ദുബായ് : ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 49 റണ്‍സിന്റെ ജയം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും, സൂര്യകുമാര്‍ യാദവിന്റെയും മികച്ച പ്രകടനമാണ് മുംബൈക്ക് മികച്ച വിജയം സമ്മാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.
രോഹിത് 54 പന്തില്‍ 3 ബൗണ്ടറിയും, 6 സിക്സറുമടക്കം 80 റണ്‍സാണ് നേടിയത്. സൂര്യകുമാര്‍ യാദവ് 28 പന്തില്‍ 6 ബൗണ്ടറിയും 1 സിക്സുമടക്കം 47 റണ്‍സും നേടി. ട്രെന്റ് ബോള്‍ട്ടും, ജെയിംസ് പാറ്റിന്‍സണും, ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ബൗളർമാരും മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവച്ചത്. അതേസമയം 12 പന്തില്‍ 33 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സും, 23 പന്തില്‍ 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കുമാണ് കെകെആറിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.
10 ഓവര്‍ പിന്നിടുമ്പോൾ വെറും 70 റണ്‍സ് മാത്രമാണ് കൊല്‍ക്കത്തയുടെ സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. 11 റണ്‍സെടുത്ത റസ്സലിനെ ബൗള്‍ഡാക്കിയ ബുംറ 16 റണ്‍സെടുത്ത മോര്‍ഗനെ ഡിക്കോക്കിന്റെ കൈകളിലെത്തിച്ചു. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും ജയിക്കുമെന്ന തോന്നലുണ്ടാക്കാന്‍ കൊല്‍ക്കത്തയ്ക്ക് സാധിച്ചില്ല.
കൊല്‍ക്കത്തക്കായി ശിവം മാവി നാലോവറില്‍ 32 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ സുനില്‍ നരെയ്ന്‍ നാലോവറില്‍ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. കുല്‍ദീപ് യാദവ് നാലോവറില്‍ 39 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ മലയാളി താരം സന്ദീപ് വാര്യര്‍ മൂന്നോവറില്‍ 34 റണ്‍സ് വഴങ്ങി.