രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായതിനെ തുടര്‍ന്ന് താരങ്ങള്‍ ടീം വിടുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുംബൈ ഇന്ത്യന്‍സ്. ഒരു താരവും മറ്റ് ടീമുകളിലേക്ക് പോവില്ലെന്ന് മുംബൈ ഇന്ത്യന്‍സ് അധികൃതര്‍ അറിയിച്ചതായി ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. രോഹിതിനെയടക്കം എല്ലാ താരങ്ങളെയും അറിയിച്ചിട്ടാണ് ക്യാപ്റ്റന്‍സി മാറ്റമെന്ന് അധികൃതര്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒന്നുരണ്ട് ഫ്രാഞ്ചൈസികള്‍ രോഹിതിനായി സമീപിച്ചെങ്കിലും മുംബൈ വിട്ടുനല്‍കിയില്ല എന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുകളാണ് മുംബൈ താരങ്ങള്‍ക്കായി രംഗത്തുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ട്രേഡിംഗിനില്ലെന്ന് ചെന്നൈ മാനേജ്‌മെന്റ് പ്രതികരിച്ചു. ഒരു താരത്തെയും ചെന്നൈ ട്രേഡ് ചെയ്യില്ലെന്നാണ് മാനേജ്‌മെന്റിന്റെ പ്രതികരണം.
രോഹിത് ശര്‍മ മാറിയതോടെ മുംബൈ ക്യാമ്പില്‍ അതൃപ്തി പുകയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍ തുടങ്ങിയവര്‍ ടീം വിടുകയാണെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. ഇത് മുംബൈ മാനേജ്‌മെന്റ് തള്ളി.