ബംഗളുരു: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ്- പൂന സൂപ്പർ ജയന്റ് ഫൈനൽ പോരാട്ടം. രണ്ടാം ക്വാളിഫയർ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്തിയതോടെയാണ് മുംബൈ ഫൈനലിൽ ഇടംപിടിച്ചത്.
ആറു വിക്കറ്റിനാണ് മുംബൈയുടെ വിജയം. നൈറ്റ് റൈഡേഴ്സ് മുന്നോട്ട് വെച്ച 108 റണ്‍സ് വിജയലക്ഷ്യം മുംബൈ 14.3 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. ഒന്നാം പ്ലേഓഫിൽ മുംബൈയെ തകർത്ത് പൂന നേരത്തെ തന്നെ ഫൈനലിൽ ഇടംപിടിച്ചിരുന്നു.
ടോസ് നേടി ബാറ്റിംങിനിറങ്ങിയ കൊൽക്കത്ത 18.5 ഓവറിൽ 107ന് എല്ലാവരും പുറത്തായി. 16 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ കരണ്‍ ശർമയുടെ പ്രകടനമാണ് കൊൽക്കത്തയെ തകർത്തത്. ജസ്പ്രീത് ബുംറ മൂന്നു വിക്കറ്റുമായി കരണ്‍ ശർമയ്ക്ക് ഉറച്ച പിന്തുണ നൽകി. സൂര്യകുമാർ യാദവ്(31), ഇഷാങ്ക് ജഗ്ഗി(28) എന്നിവർക്കു മാത്രമാണ് കൊൽക്കത്ത നിരയിൽ താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞത്.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈയ്ക്ക് സ്കോർ 11-ൽ ലെൻഡൽ സിമൻസിനെ(3) നഷ്ടപ്പെട്ടു. 24-ൽ പാർഥിവ് പട്ടേലും(14), സ്കോർ 34-ൽ അമ്പാട്ടി റായിഡു(6)വും പവലിയനിൽ തിരിച്ചെത്തി. തുടർന്ന് ഒന്നിച്ച കൃണാൽ പാണ്ഡ്യയും രോഹിത് ശർമ(26)യും ചേർന്ന് മുംബൈയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. പാണ്ഡ്യ 45 റണ്‍സുമായി പുറത്താകാതെ നിന്നു.
ഞായറാഴ്ചയാണ് ഫൈനൽ പോരാട്ടം.