ഹൈദരാബാദ്: ഐപിഎല്ലിൽ കന്നി ഫൈനലിസ്റ്റുകളായ പൂന സൂപ്പർ ജയന്റിനെ ഒരു റണ്ണിനു കീഴടക്കി മുംബൈ ഇന്ത്യൻസ് ജേതാക്കൾ. മുംബൈ ഉയർത്തിയ 130 റണ്‍സ് ലക്ഷ്യത്തിലേക്കു ബാറ്റുവീശിയ പൂനയ്ക്ക് 128 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്.
അർധസെഞ്ചുറിയുമായി സ്റ്റീവ് സ്മിത്ത്(51) പൊരുതിയെങ്കിലും ടീമിനെ കന്നിക്കിരീടത്തിലേക്കു നയിക്കാൻ കഴിഞ്ഞില്ല. നാല് ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വിഴ്ത്തിയ മിച്ചൽ ജോൺസൻ, നാല് ഓവറിൽ 26 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ എന്നിവരുടെ പ്രകടനം മുംബൈ വിജയത്തിൽ നിർണായകമായി.
അവസാന ഓവറിൽ 11 റണ്‍സാണ് പൂനയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. ക്രീസിൽ നായകൻ സ്റ്റീവ് സ്മിത്തും മനോജ് തിവാരിയും. ഓവറിന്റെ ആദ്യ പന്ത് തിവാരി ബൗണ്ടറിയിലേക്കു പറത്തി. അഞ്ചു പന്തിൽ ജയിക്കാൻ ഏഴു റണ്‍സ് എന്ന നിലയിൽനിൽക്കെ രണ്ടാം പന്തിൽ മനോജ് തിവാരിയെ പൊള്ളാർഡിന്റെ കൈയിലെത്തിച്ച് മിച്ചൽ ജോണ്സൻ ആദ്യ പ്രഹരം നൽകി.
തൊട്ടടുത്ത പന്തിൽ സ്റ്റീവ് സ്മിത്തിനെ ഒരുജ്ജ്വല ക്യാച്ചിലൂടെ റായിഡു മടക്കി. ഇതോടെ മൂന്നു പന്തിൽ ഏഴു റണ്‍സ് എന്ന നിലയിലേക്ക് പൂന സമ്മർദത്തിലായി. നാലാം പന്തിൽ ഒന്നും അഞ്ചാം പന്തിൽ രണ്ടും റണ്‍സ് നേടിയെങ്കിലും അവസാന പന്തിൽ ആവശ്യമായ നാലു റണ്‍സ് നേടാൻ ക്രീസിലുണ്ടായിരുന്ന ഡാൻ ക്രിസ്റ്റ്യനായില്ല. നേരത്തെ, താരതമ്യേന കുറഞ്ഞ സ്കോറിലേക്കു ബാറ്റുവീശിയ പൂനയക്ക് രാഹുൽ ത്രിപദിയെ തുടക്കത്തിൽ നഷ്ടപ്പെട്ടെങ്കിലും സ്മിത്തും രഹാനെയും ടീമിനെ മുന്നോട്ടുനയിച്ചു. രഹാനെ(44)യ്ക്കു ശേഷമെത്തിയ ധോണി(10)ക്ക് തിളങ്ങാൻ കഴിയാതിരുന്നത് ടീമിനു തിരിച്ചടിയായി. ഇതേതുടർന്നാണ് മത്സരം അവസാന ഓവറിലേക്കു നീങ്ങിയത്.
ടൂർണമെന്റിൽ ഇതേവരെ പൂനയെ കീഴടക്കാൻ കഴിയാതിരുന്ന മുംബൈക്ക് കിരീടനേട്ടം മധുര പ്രതികാരവുമായി. ഇത് മൂന്നാം തവണയാണ് മുംബൈ ഐപിഎൽ കിരീടത്തിൽ മുത്തമിടുന്നത്. ആദ്യം ബാറ്റു ചെയ്ത മുംബൈക്ക് നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 129 റണ്‍സ് മാത്രമാണ് നേടാൻ കഴിഞ്ഞത്. 47 റണ്‍സ് നേടിയ കൃണാൽ പാണ്ഡ്യക്കു മാത്രമാണ് പൂന ബൗളിംഗിനെ പ്രതിരോധിക്കാൻ കഴിഞ്ഞത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈക്ക് ജയദേവ് ഉനാദ്ഘട്ട് എറിഞ്ഞ മൂന്നാം ഓവറിൽ ഓപ്പണർമാരെ നഷ്ടമായി. പാർഥിവ് പട്ടേൽ-4, ലെൻഡൽ സിമണ്‍സ്-3 എന്നിങ്ങനെയായിരുന്നു ഓപ്പണർമാരുടെ സംഭാവന.
സ്കോർ 41ൽ അമ്പാട്ടി റായിഡു(12) പൂന നായകൻ സ്റ്റീവ് സ്മിത്തിന്റെ നേരിട്ടുള്ള ഏറിൽ റണ്ണൗട്ടായി. പിന്നാലെ രോഹിത് ശർമ(24)യുടെയും പ്രതിരോധം നിലച്ചു. പൊള്ളാർഡ്(7) വന്നതും പോയതും ഒന്നിച്ചായിരുന്നു. കൃണാൽ പാണ്ഡ്യ ഒരു വശത്ത് പൊരുതിയെങ്കിലും ഭേദപ്പെട്ട സ്കോറിലേക്കു മുംബൈയെ എത്തിക്കാൻ കഴിഞ്ഞില്ല. പൂനയ്ക്കായി ഉനാദ്ഘട്ട്, ആദം സാംപ, ഡാൻ ക്രിസ്റ്റ്യൻ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി. വാഷിംഗ്ടണ്‍ സുന്ദറിനു വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും നാലോവറിൽ 13 റണ്‍സ് മാത്രമാണ് വഴങ്ങിയത്.