14,000 കോടി രൂപ സമാഹരിക്കാന്‍ ഏഴു കമ്പനികള്‍ ഈയാഴ്ച വിപണിയില്‍

മുബൈ: ഐ പി ഒ തരംഗത്തിന് ഇന്ത്യന്‍ ഓഹരി വിപണി ഒരുങ്ങിക്കഴിഞ്ഞു. ഈയാഴ്ച ഓഹരി വില്‍പ്പനയുമായി ഏഴു കമ്പനികളാണ് മാര്‍ക്കറ്റില്‍ എത്തുന്നത്. 14,000 കോടി രൂപയാണ് ഈ കമ്പനികള്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ടി സി എന്‍ എസ് ക്ലോത്തിങ് എന്ന കമ്പനിയാണ് 1125 കോടി രൂപ ശേഖരിക്കുന്നതിന് ആദ്യം എത്തുന്നത്. തുടര്‍ന്ന് ലോധ ഡെവലപ്പേഴ്‌സ്, എച് ഡി എഫ് സി മ്യൂച്വല്‍ ഫണ്ട്, നെക്കണ്ടി സീഫുഡ്‌സ്, ഫ്‌ലെമിംഗോ ട്രാവല്‍ റീറ്റെയ്ല്‍, പട്ടേല്‍ ഇന്‍ഫ്രാസ്ട്രക്റ്റര്‍, ജീനിയസ് കണ്‍സള്‍റ്റന്റ്‌സ് എന്നീ കമ്പനികളാണ് ഐ പി ഒയുമായി രംഗത്തെത്തും.

ബിസിനസ് വിപുലീകരണം, വായ്പ തിരിച്ചടവ്, വര്‍ക്കിങ് ക്യാപിറ്റല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കായാണ് ഈ കമ്പനികള്‍ പബ്ലിക് ഓഫറുമായി എത്തുന്നത്. 5500 കോടി രൂപ സമാഹരിക്കുന്ന ലോധ ഡെവലപേഴ്‌സണാണ് ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്നത്. എച് ഡി എഫ് സി മ്യൂച്വല്‍ ഫണ്ട് 3500 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നു. ഫ്‌ലെമിംഗോ 2423 കോടി രൂപയും നെക്കണ്ടി സീഫുഡ്‌സ് 750 കോടിയും സമാഹരിക്കും. 400 കോടിയാണ് പട്ടേല്‍ ഇന്‍ഫ്രയുടെ സമാഹരണ ലക്ഷ്യം. ജീനിയസ് കണ്‍സള്‍റ്റന്റ്‌സ് 170 കോടിയാണ് സമാഹരിക്കുന്നത്.

ഈ വര്‍ഷം മാര്‍ക്കറ്റിലെ അനുകൂല സാഹചര്യം മുതലെടുക്കാന്‍ നിരവധി കമ്പനികള്‍ രംഗത്തെത്തിയിരുന്നു. ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള ആറ് മാസകാലയളവില്‍ 18 കമ്പനികള്‍ മാര്‍ക്കറ്റ് ടാപ്പ് ചെയ്തിരുന്നു. ഇവര്‍ 23,670 കോടി രൂപ ശേഖരിച്ചിട്ടുണ്ട്. 2017 ല്‍ ഇക്കാലയളവില്‍ സമാഹരിച്ചതിനേക്കാള്‍ ഏകദേശം ഇരട്ടി തുക സമാഹരിക്കാന്‍ കഴിഞ്ഞു. 2017 ജനുവരി ജൂണ്‍ കാലയളവില്‍ 12,000 കോടി രൂപയാണ് മൂലധന വിപണിയില്‍ നിന്ന് സമാഹരിച്ചത്.

Top