ന്യൂഡല്‍ഹി: യാത്രക്കാരില്‍ ഭീതി പരത്തിയ മുംബൈയിലെ ജ്വല്ലറി ഉടമയായ ബിര്‍ജു കിഷോര്‍ സാലയ്ക്ക് ജെറ്റ് എയര്‍വേയ്‌സ് വിമാനത്തില്‍ സഞ്ചരിക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തി. ഇന്ത്യയുടെ വ്യോമയാന ചരിത്രത്തില്‍ ആദ്യമായാണ് മോശം പെരുമാറ്റത്തിന്റെ പേരില്‍ വിമാനത്തില്‍ സഞ്ചരിക്കുന്നതിന് ഒരാള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30നാണ് സംഭവം നടന്നത്. മുംബൈയില്‍ നിന്ന് പുലര്‍ച്ചെ 2.55 ന് പറന്നുയര്‍ന്ന വിമാനമാണ് ഇയാളുടെ റാഞ്ചല്‍ ഭീഷണിയെ തുടര്‍ന്ന് 3.45 ഓടെ അഹമ്മദാബാദില്‍ ഇറക്കിയത്. വിമാനം ഡല്‍ഹിയില്‍ ഇറക്കരുതെന്നും അവിടെ ഇറക്കിയാല്‍ യാത്രക്കാര്‍ കൊല്ലപ്പെടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.
കാര്‍ഗോ ഏരിയായില്‍ ബോംബുണ്ടെന്നും വിമാനം ഡല്‍ഹിയില്‍ ഇറങ്ങുമ്പോള്‍ പൊട്ടിത്തെറിക്കുമെന്നും അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്നായിരുന്നു ഡല്‍ഹിയില്‍ ഇറക്കേണ്ട വിമാനം അഹമ്മദാബാദില്‍ ഇറക്കിയത്. ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തിയപ്പോഴാണ് അയാള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തിരിച്ചറിഞ്ഞത്. ഇതേതുടര്‍ന്നാണ് കമ്പനിക്കുണ്ടായ നഷ്ടം കണക്കിലെടുത്ത് അയാള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇത് മറ്റ് എയര്‍ലൈന്‍ കമ്പനികളെ അറിയിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.