മുംബൈ: സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്രയ്ക്ക് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയ വിലക്ക് വെട്ടിച്ചുരുക്കി. മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയെ പരിഹസിച്ചുവെന്ന് ആരോപിച്ചാണ് വിമാനകമ്പനിയായ ഇന്‍ഡിഗോ കുനാല്‍ കമ്രയ്ക്കെതിരെ ആറു മാസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.
ഇത് മൂന്ന് മാസമായാണ് വെട്ടിച്ചുരുക്കിയത്. ആഭ്യന്തര കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍മേലാണ് നടപടിയെന്ന് ഇന്‍ഡിഗോ വ്യക്തമാക്കി. യാത്രാവിലക്കേര്‍പ്പെടുത്തിയ എയര്‍ലൈനിന്റെ തീരുമാനത്തിനെതിരെ കമ്ര ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇന്‍ഡിഗോയെക്കൂടാതെ എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ് എന്നീ വിമാനക്കമ്പനികളും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ മുംബൈ-ലക്നൗ യാത്രയ്ക്കിടെയായിരുന്നു സഹയാത്രികനായ അര്‍ണബിനെ കമ്ര ചോദ്യം ചെയ്തത്. താങ്കള്‍ ഒരു ഭീരുവാണോ മാധ്യമപ്രവര്‍ത്തകനാണോ അല്ലെങ്കില്‍ ദേശീയവാദിയാണോ എന്നു പ്രേക്ഷകര്‍ക്ക് അറിയണമെന്നായിരുന്നു കമ്രയുടെ ചോദ്യം. അര്‍ണബിന്റെ അവതരണ ശൈലിയെ അനുകരിച്ചായിരുന്നു ചോദ്യം.
പരിഹസിച്ചുകൊണ്ട് അര്‍ണബിനെ ചോദ്യം ചെയ്യുന്ന വീഡിയോ കുനാല്‍ കമ്ര പോസ്റ്റ് ചെയ്തിരുന്നു. ഹൈദരാബാദ് സര്‍വകലാശാലയില്‍ ജാതീയ കാരണങ്ങളാല്‍ മരിച്ച രോഹിത് വെമുലയുടെ അമ്മയ്ക്കു വേണ്ടിയാണു താന്‍ ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതെന്നും ഇത്തിരിയെങ്കെിലും മനുഷ്യത്വം ഹൃദയത്തിലുണ്ടെങ്കില്‍ രോഹിതിന്റെ ആത്മഹത്യാ കുറിപ്പു വായിക്കണമെന്നും വീഡിയോയില്‍ കമ്ര പറയുന്നുണ്ട്. ഇതിനു പിന്നാലെയായിരുന്നു യാത്രാവിലക്ക്.