മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ ഓഫീസ് കെട്ടിടം പൊളിക്കാനുള്ള നഗരസഭയുടെ ഉത്തരവ് തെറ്റാണെന്നും അതിനെ പ്രതികാര നടപടിയായി മാത്രമേ കാണാനാവൂ എന്ന ബോംബെ ഹൈക്കോടതിയുടെ വിധി വന്ന് മണിക്കൂറുകള്‍ക്കുളളില്‍ കങ്കണയ്ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശവുമായി മുംബൈ മേയര്‍. കങ്കണയെ ‘വിലകെട്ട ആളു’കളെന്നാണ് മേയര്‍ കിഷോരി പെഡ്നേക്കര്‍ വിശേഷിപ്പിച്ചത്.
‘ഹിമാചല്‍ പ്രദേശില്‍ നിന്ന് മുംബൈയിലേക്കെത്തിയ ഒരു അഭിനേതാവ് മുംബൈയെ പാക് അധീന കശ്മീരെന്ന് വിശേഷിപ്പിച്ചപ്പോള്‍ എല്ലാവരും ആശ്ചര്യപ്പെട്ടു. തുടര്‍ന്ന് അവര്‍ക്കെതിരെ പരാതികളുണ്ടായി. കോടതിയെ ഒരു രാഷ്ട്രീയ സര്‍ക്കസാക്കി മാറ്റാന്‍ ഇത്തരം വിലകുറഞ്ഞ ആളുകള്‍ ആഗ്രഹിക്കുന്നുണ്ടോ? ഇത് തെറ്റാണ്.’ കിഷോരി പറഞ്ഞു.
ബാന്ദ്രയിലെ പാലി ഹില്ലില്‍ കങ്കണയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് പൊളിച്ചുമാറ്റാന്‍ സെപ്റ്റംബര്‍ ഒമ്പതിനാണ് മുംബൈ നഗരസഭ ഉത്തരവിട്ടത്. മുംബൈ പൊലീസിനെച്ചൊല്ലി ശിവസേനാനേതാവ് സഞ്ജയ് റാവുത്തും കങ്കണയും തമ്മില്‍ വാക്‌പോര് തുടരുന്നതിനിടെയായിരുന്നു നടപടി.