മുംബൈ: നഗരത്തില്‍ നിരോധിത മേഖലകളില്‍ വാഹനം പാര്‍ക്ക് ചെയാതാല്‍ വലിയ തോതില്‍ പിഴ ഈടാക്കാനുള്ള തീരുമാനവുമായി മുംബൈ നഗരസഭ. 5,000 രൂപമുതല്‍ 23,000 രൂപ വരെ പിഴയീടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ബദല്‍ പാര്‍ക്കിങ് സൗകര്യമുള്ള പ്രദേശങ്ങളിലായിരിക്കും ഉത്തരവ് നടപ്പാക്കുക. ഘട്ടം ഘട്ടമായി മറ്റു സ്ഥലങ്ങളിലേക്കും ഇത് വ്യാപിപ്പിക്കാനാണ് പദ്ധതി.
നിര്‍ത്തിയട്ട വാഹനത്തിന്റെ മൂല്യവും സ്ഥലത്തിന്റെ വാണിജ്യ പ്രാധാന്യവും കണക്കിലെടുത്താണ് പിഴ സംഖ്യ എത്രത്തോളമെന്ന് തീരുമാനിക്കുക. പിഴയടക്കാന്‍ വൈകിയാല്‍ പിഴസംഖ്യ ഉയരുകയും ചെയ്യും.
ഇത്രയും വലിയ തുക ഈടാക്കുന്നത് എതിര്‍പ്പിന് കാരണമാകുന്നതിനാല്‍ ട്രാഫിക് പോലീസിനെ സഹായിക്കാന്‍ വിരമിച്ച സൈനികരേയും സ്വകാര്യ സുരക്ഷാ ഭടന്മാരേയും നിയോഗിക്കുമെന്നാണ് തീരുമാനം.
അനധികൃത പാര്‍ക്കിങ് പാടില്ലെന്ന് കാണിച്ചും പുതിയ പിഴ നിരക്കുകള്‍ കാണിച്ചും നഗരസഭ വിവിധ ഇടങ്ങളില്‍ നോട്ടീസുകള്‍ പതിപ്പിച്ചുകഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായ മുംബൈയിലെ കാല്‍നട യാത്രക്കാരുടേയും ഡ്രൈവര്‍മാരുടേയും സൗകര്യം മുന്‍ നിര്‍ത്തിയാണ് പുതിയ നിയമം കര്‍ശനമാക്കിയിരിക്കുന്നത്.