മുംബൈ: ‘അതിഥി ദേവോ ഭവ’ എന്ന ആശയത്തെ മുന്‍നിര്‍ത്തി വിദേശികള്‍ക്ക് താമസസൗകര്യമൊരുക്കി ചേരി കുടുംബം. നഗരത്തിലെ ചേരിജീവിതത്തെ കുറിച്ചു കൂടുതല്‍ ദൃഢമായ പഠനം നടത്തുന്നതിന് ആഗ്രഹിക്കുന്ന വിദേശ ടൂറിസ്റ്റുകള്‍ക്കായിരിക്കും പ്രധാനമായും ഈ ആശയം ഉപകാരപ്പെടുക. സാന്തക്രൂസിലെ ഗൊലിബാര്‍ പ്രദേശത്ത് താമസിക്കുന്ന രവി ടോനിയ സാന്‍സി എന്ന ചേരി നിവാസി തന്റെ 16 പേരടങ്ങുന്ന ചെറിയ കുടുംബത്തില്‍ ഇതിനായുള്ള ക്രമീകരണം ഒരുക്കിയിരിക്കുകയാണ്.
ഇവിടെ അതിഥികളെ നല്ല രീതിയില്‍ വരവേല്‍ക്കുന്നതിന് പ്രത്യേകം പുതുക്കിപ്പണിത മുറികളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, അതിഥികള്‍ക്കായി മുറിയില്‍ മെത്തയും, ടിവിയും, എയര്‍ കണ്ടീഷണറും സഹിതം എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മുംബൈ ചേരിയിലെ യഥാര്‍ത്ഥ ജീവിതം സഞ്ചാരികള്‍ക്ക് ഇവിടെ നിന്നുകൊണ്ട് തന്നെ പഠിക്കാനുള്ള സൗകര്യമാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യം വെയ്ക്കുന്നത്. ഇത്തരത്തിലൊരു പദ്ധതിയ്ക്ക് രൂപം നല്‍കുവാന്‍ പ്രധാന പങ്കു വഹിച്ചത് നെതര്‍ലന്റുകാരനായ ഡേവിഡ് ബിജില്‍ എന്ന വ്യക്തിയാണ്.
ടൂറിസ്റ്റുകള്‍ക്കായി സൗകര്യം ഒരുക്കുന്ന രവി ടോണിയ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒയുടെ സൂപ്പര്‍വൈസറാണ് ഇദ്ദേഹം. തനിക്ക് മുംബൈയില്‍ താമസിച്ച് അവിടെ ജീവിക്കുന്ന അനുഭവം അറിയുവാന്‍ അവസരം ഒരുക്കി തന്നത് രവിയാണെന്നും, അതില്‍ താന്‍ വളരെയധികം സന്തുഷ്ടനായെന്നും, അപ്പോഴാണ് വിദേശികള്‍ക്കായി ഇത്തരത്തിലൊരു അവസരം രവിയ്ക്ക് എന്തു കൊണ്ട് നല്‍കി കൂടാ എന്ന് ചിന്തിച്ചതെന്നും അദ്ദേഹം പറയുന്നു.
ഈ സംരംഭം അവര്‍ക്ക് തീര്‍ച്ചയായും സാമ്പത്തിക സഹായവുമായിരിക്കുമെന്നും, കൂടാതെ സമൂഹത്തില്‍ ദരിദ്ര വിഭാഗത്തെയും, സമ്പന്ന വിഭാഗത്തെയും തമ്മില്‍ ഒരുമിപ്പിക്കുന്നതിനും പദ്ധതി സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശികള്‍ക്ക് മുംബൈയെ പരിചയപ്പെടുത്തുക എന്നതായിരുന്നു രവിയുടെ ആദ്യ ലക്ഷ്യം. എന്നാല്‍ ഇവരോട് പണം വാങ്ങുവാന്‍ വിസമ്മതിച്ച രവി പിന്നീട് ഡേവിഡിന്റെ നിര്‍ബന്ധപ്രകാരം ദിവസം 2000 രുപയില്‍ പദ്ധതി മുന്നോട്ട് കൊണ്ടു പോകുവാന്‍ തീരുമാനിക്കുകയായിരുന്നു.