ചാനലില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍; അര്‍ണബ് ഗോസാമിക്ക് മുബൈ പൊലീസ് നോട്ടീസയച്ചു

ചാനലില്‍ വര്‍ഗീയ പാരമര്‍ശങ്ങള്‍ നടത്തിയ അര്‍ണബ് ഗോസ്വാമിക്ക് മുംബൈ പോലീസിന്റെ നോട്ടീസ്. വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിനും വര്‍ളി ഡിവിഷന്‍ അസിസ്റ്റന്‍ഡ് പോലീസ് കമ്മീഷണര്‍ക്കും മുന്നില്‍ ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 108-ാം വകുപ്പുപ്രകാരമാണ് നോട്ടീസ്. കലാപത്തിന് പ്രകോപനം നല്‍കുക, വ്യത്യസ്ത മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അര്‍ണബിനെതിരെ നോട്ടീസ്.

ലോക്ഡൗണ്‍ കാലത്ത് ബാന്ദ്ര റെയില്‍വേ സ്റ്റേഷന് പുറത്ത് തടിച്ചുകൂടിയ കുടിയേറ്റ തൊഴിലാളികളെ കുറിച്ച് പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഉന്നയിച്ചതിനെ പറ്റിയും നോട്ടീസില്‍ സൂചിപ്പിട്ടുണ്ട്. ടെലിവിഷന്‍ റേറ്റിങ്ങുകളില്‍ കൃത്രിമം കാണിച്ചു എന്നാരോപിച്ച് റിപ്പബ്ലിക് ടിവി ഉള്‍പ്പടെയുള്ള ചാനലുകള്‍ക്കെതിരെ മുംബൈ പോലീസ് നേരത്തെ അന്വേഷണം ആരംഭിച്ചിരുന്നു.

പൂഛ്താ ഹെ ഭാരത് എന്ന പേരില്‍ ഏപ്രില്‍ 12 ന് അവതരിപ്പിച്ച ചര്‍ച്ചയില്‍ അര്‍ണബ് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് ആരോപണം. അര്‍ണബിന്റെ പരാമര്‍ശം ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുളള സാമുദായിക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാവുന്നതാണെന്നും യൂട്യൂബിലെ ആ വീഡിയോ ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടാക്കിയതെന്നും നോട്ടീസില്‍ പറയുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങള്‍ സാമുദായിക ഐക്യത്തിനും ക്രമസമാധാനത്തിനും ഭീഷണിയുയര്‍ത്തുന്നതാണെന്നും അതിനാല്‍ നടപടി അനിവാര്യമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Top