ചോക്‌സി രാജ്യം വിടാന്‍ കാരണം മുബൈ പൊലിസിന്റെ അനാസ്ഥമൂലമെന്ന് റിപ്പോര്‍ട്ട്

MEHULI CHOKSY

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ വ്യവസായി മെഹുല്‍ ചോക്‌സിയ്ക്ക് വിദേശ പൗരത്വം ലഭിച്ചത് പൊലീസിന്റെ വീഴ്ചമൂലമാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്.

യാതൊരു അന്വേഷണവുമില്ലാതെയാണ് മെഹുല്‍ ചോക്‌സിക്ക് 2015 ല്‍ പത്ത് വര്‍ഷത്തെ പാസ്‌പോര്‍ട്ട് മുബൈ പൊലിസ് നല്‍കിയത്. ഗുഡ് സര്‍ഫിക്കറ്റ് എന്നാണ് ചോക്‌സിക്ക് പാസ്പോര്‍ട്ട് ഓഫിസില്‍ നിന്ന് നല്‍കിയ സര്‍ഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചോക്‌സിയുടെ ആവശ്യപ്രകാരമായിരുന്നു ഇതെന്നാണ് പൊലിസ് പറുന്നത്. പൊലിസിന്റെ ക്ലിയറന്‍സ് സര്‍ഫിക്കറ്റ് ഉണ്ടെങ്കിലേ കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ പൗരത്വം നേടാന്‍ കഴിയു.പൊലിസ് ഡേറ്റാബേസില്‍ ചോക്‌സിക്കെതിരെ റെഡ്ഫ്‌ളാഗുകള്‍ ഉണ്ടായിരുന്നില്ലെന്നും അതു കൊണ്ട് 2017 ല്‍ ക്ലിയറന്‍സ് സര്‍റ്റിഫിക്കറ്റ് നല്‍കുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംഭവത്തില്‍ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയവും സെബിയും രംഗത്തിയിട്ടുണ്ട്.

ചോക്‌സിക്കെതിരെ കേസുകളൊന്നും ഇല്ലാത്തതിനാലാണ് പൗരത്വം നല്‍കിയതെന്നും എന്നാല്‍ അദ്ദേഹം സമര്‍പ്പിച്ച പൗരത്വ അപേക്ഷയില്‍ തെറ്റായ കാര്യങ്ങളാണ് ഉള്ളതെന്ന് ബോധ്യപ്പെട്ടാല്‍ പൗരത്വം നഷ്ടമാകുമെന്നും ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് ചോക്‌സി പൗരത്വ അപേക്ഷ നല്‍കിയത്. എന്നാല്‍ ഈ സമയം അദ്ദേഹത്തിനെതിരെ ആരോപണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ആന്റിഗ്വ പ്രധാനമന്ത്രി വ്യക്തമാക്കി.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 12,600 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് മെഹുല്‍ ചോക്‌സിയെയും അനന്തരവന്‍ നീരവ് മോദിയും രാജ്യം വിട്ടത്. ഇതിന്റെ ഭാഗമായി മെഹുല്‍ ചോക്‌സിയുടെ സ്വത്തുവകകള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരുന്നു. മുംബൈയിലെയും ഹൈദരാബാദിലെയും ഫ്‌ളാറ്റുകള്‍ അടക്കം 1217 കോടി വിലമതിക്കുന്ന സ്വത്തുവകകളാണ് കണ്ടുകെട്ടിയത്

ഗീതാഞ്ജലി ജെംസ് പ്രമോട്ടറായ മെഹുല്‍ ചോക്‌സിയുടെ മുംബൈയിലെ 15 ഫ്‌ലാറ്റുകള്‍, 17 ഓഫീസ് സമുച്ചയങ്ങള്‍, കൊല്‍ക്കത്തയിലെ മാള്‍, ഹൈദരാബാദിലെ 500 കോടി വിലമതിക്കുന്ന 170 ഏക്കര്‍ പാര്‍ക്ക്, മഹാരാഷ്ട്രയിലെ ബോറിവാലിയിലെ നാല് ഫ്‌ലാറ്റുകള്‍, സാന്റാക്രൂസിലെ ഖേമു ടവേഴ്‌സിലെ ഒമ്പത് ഫ്‌ലാറ്റുകള്‍ തുടങ്ങിയവ പിടിച്ചെടുത്തതില്‍ ഉള്‍പ്പെടുന്നു. ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇരുവരും രാജ്യം വിടുകയായിരുന്നു. ചോക്‌സി ആന്റിഗ്വ പൗരത്വം നേടിയെന്നും നീരവ് മോദി ബ്രിട്ടനില്‍ അഭയം തേടിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

Top