മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്റെ മരണത്തില്‍ മുംബൈ പൊലീസിന്റെ നിലപാട് സംശയകരമെന്ന് ആരോപണവുമായി ദേശീയ മാധ്യമങ്ങള്‍ രംഗത്ത്. ദിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെ മുംബൈ പൊലീസിന്റെ വീഴ്ചകള്‍ അക്കമിട്ട് വ്യക്തമാക്കിയാണ് ദേശീയ മാധ്യമങ്ങള്‍ രംഗത്തു വന്നത്. ബിഹാര്‍ പൊലീസിനോട് തുടക്കം മുതല്‍ മുംബൈ പൊലീസ് കാട്ടിയ നിസ്സഹകരണം സംശയകരമാണെന്ന് മാധ്യമങ്ങളടക്കം ചൂണ്ടിക്കാട്ടിയിരുന്നു.
സുശാന്ത് ജീവനൊടുക്കിയതിന് ഒരാഴ്ച മുന്‍പ് ജൂണ്‍ 8 നാണ് മുംബൈ മലാഡിലെ കെട്ടിട സമുച്ചയത്തില്‍നിന്നു വീണു മരിച്ച നിലയില്‍ ദിഷയെ കണ്ടെത്തിയത്. സുശാന്ത് മരിച്ചപ്പോള്‍ അതിനെ ദിഷയുടെ മരണവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നായിരുന്നു മുംബൈ പൊലീസിന്റെ നിലപാട്. അന്വേഷണത്തിന്റെ ഭാഗമായി, ദിഷ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട ഫയലുകള്‍ ബിഹാര്‍ പൊലീസിന് കൈമാറാനാകില്ലെന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സുശാന്തിന്റെ കാമുകിയും ഇപ്പോള്‍ ആരോപണ വിധേയയുമായ റിയ ചക്രവര്‍ത്തിയുടെ മാനേജരായും ദിഷ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇതാണ് നടന്റെയും ദിഷയുടെയും മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ എന്ന് ബിഹാര്‍ പൊലീസ് ആന്വേഷിക്കാന്‍ കാരണം എന്നാണ് വിവരം. ദിഷയുടെ മരണം സംബന്ധിച്ച പല നിര്‍ണായക വിവരങ്ങളും നശിപ്പിക്കാന്‍ മുംബൈ പൊലീസ് ശ്രമിച്ചെന്നു തുടക്കം മുതല്‍ പരാതി ഉണ്ടായിരുന്നു. രണ്ടു മരണങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്ന ബിഹാര്‍ പൊലീസിന്റെ ആവശ്യത്തെ ഫയലുകള്‍ കാണാനില്ലെന്ന ഒഴുക്കന്‍ മറുപടിയുമായാണ് മുംബൈ പൊലീസ് പ്രതിരോധിച്ചത്.
ദിഷയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നതോടെയാണ് മുംബൈ പൊലീസിന്റെ വീഴ്ചകള്‍ വ്യക്തമാക്കി ദേശീയ മാധ്യമങ്ങള്‍ രംഗത്തെത്തിയത്. തലയ്‌ക്കേറ്റ പരുക്കുകള്‍ കൂടാതെ ദിഷയുടെ ശരീരത്തില്‍ ചില അസ്വാഭാവിക പരുക്കുകള്‍ കൂടി കണ്ടെത്തിയതായി കഴിഞ്ഞ ദിവസം പുറത്തു വന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.
ജൂണ്‍ 8 ന് മരിച്ച ദിഷയുടെ പോസ്റ്റ്‌മോര്‍ട്ടം ജൂണ്‍ 11 ന് ആണ് നടന്നത്. അതു വൈകിപ്പിച്ചത് ബോധപൂര്‍വമാണെന്നും പരാതിയുയര്‍ന്നിരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ പരിശോധനയ്ക്ക് അയയ്ക്കാനോ തുടര്‍പരിശോധനയ്ക്കായി സൂക്ഷിക്കാനോ മുംബൈ പൊലീസ് തയാറായില്ല. ഇത് വിമര്‍ശനത്തിന് കാരണമായി.
തെളിവെടുപ്പിന് ഫൊറന്‍സിക് സംഘമെത്താതിരുന്നതും സംശയകരമായിരുന്നു. ദിഷയുടെ മരണത്തില്‍ തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ നടന്‍ സൂരജ് പാഞ്ചോളി രംഗത്തെത്തി. തന്റെയും ദിഷയുടേതും എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ സുഹൃത്ത് അനുശ്രീ ഗൗറിന്റെതെന്നു വ്യക്തമാക്കിയ സൂരജ് ജീവിതത്തില്‍ ഒരിക്കല്‍ പോലും ദിഷയെ കണ്ടിട്ടില്ലെന്നും പറഞ്ഞിരുന്നു.