മുലയൂട്ടിയിരുന്ന അമ്മയെ ഇരുത്തി കാർ കെട്ടിവലിച്ചു ; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

മുംബൈ: സ്ത്രീത്വത്തിനെ അപമാനിക്കുന്ന സംഭവ വികാസങ്ങളാണ് കഴിഞ്ഞ ദിവസം മുംബൈയിൽ അരങ്ങേറിയത്.

ഏഴ് മാസം പ്രായമുള്ള കുഞ്ഞിന് പാൽ നൽകികൊണ്ട് അമ്മ കാറിനുള്ളിലിരിക്കെ കാര്‍ കെട്ടി വലിച്ചാണ് മഹാരാഷ്ട്ര പൊലീസ് പുതിയ വിവാദം സൃഷ്ട്ടിച്ചിരിക്കുന്നത്.

കാറിനുള്ളില്‍ അമ്മ കുഞ്ഞിന് പാലു കൊടുത്തു കൊണ്ടിരിക്കെയാണ് ഗതാഗത നിയമം ലംഘിച്ചുവെന്നാരോപിച്ച് കാര്‍ പൊലീസ് കെട്ടി വലിച്ച് കൊണ്ടു പോകുന്നത്.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തതോടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ മഹാരാഷ്ട്ര പൊലീസ് സസ്‌പെന്‍ഡ് ചെയ്തത്.

മുംബൈ മാലാഡിലെ എസ് വി റോഡില്‍ വെള്ളിയാഴ്ച്ചയാണ് സംഭവം.

‘ഞാന്‍ കുഞ്ഞിന് പാല് കൊടുക്കുകയാണ്. എന്റെ കുഞ്ഞിന് സുഖമില്ല. ഈ കാര്‍ കെട്ടി വലിക്കുന്നത് നിര്‍ത്താന്‍ നിങ്ങള്‍ പൊലീസിനോട് പറയൂ’ എന്ന് കാറിനുള്ളിലെ സ്ത്രീ വിളിച്ചു പറയുന്നത് കേള്‍ക്കാം. സ്ത്രീയുടെ നിലവിളി കേട്ട് വഴിയാത്രക്കാര്‍ പൊലീസിനെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കുഞ്ഞിനെ ഡോക്ടറെ കാണിച്ച് മടങ്ങിവരുന്ന വഴിയാണ് തന്നോട് പൊലീസ് ഇങ്ങനെ പെരുമാറിയതെന്ന് സ്ത്രീ പറയുന്നുണ്ട്.

നിയമം തെറ്റിച്ച മറ്റ് വാഹനങ്ങളുണ്ടായിട്ടും തന്നോടും കുഞ്ഞിനോടും പൊലീസ് നിര്‍ദയമായി പെരുമാറുന്നുവെന്ന് സ്ത്രീ പറയുന്നതും പ്രചരിക്കുന്ന വീഡിയോയിലുണ്ട്.

നോ പാര്‍ക്കിങ് മേഖലയില്‍ കാര്‍ നിര്‍ത്തിയിട്ടതിനാണ് പൊലീസ് ഇത്തരത്തില്‍ കാര്‍ കെട്ടി വലിച്ചു കൊണ്ടു പോവുന്നത്.

ചലാന്‍ നല്‍കി പിഴ അടപ്പിക്കാനുള്ള വ്യവസ്ഥ നിലനില്‍ക്കെ പാലൂട്ടുന്ന അമ്മയെയും കുഞ്ഞിനെയും കെട്ടി വലിച്ചു കൊണ്ടു പേവേണ്ട അടിയന്തിര സാഹചര്യം പൊലീസ് കൈക്കൊണ്ടതെന്തിനാണെന്ന ചോദ്യം പൊതുജനങ്ങളില്‍ നിന്ന് ഉയര്‍ന്നിരുന്നു.

കുട്ടിയുടെയും അമ്മയുടെയും ജീവന് വിലകല്‍പിക്കാത്ത രീതിയില്‍ പൊലീസ് പെരുമാറിയെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞതിനാലാണ് നടപടിയെന്ന് ജോയിന്റ് കമ്മീഷണര്‍ ഓഫ് പൊലീസ് അമിതേഷ് കുമാര്‍ വ്യക്തമാക്കി.

എന്നാൽ പൊലീസ് ഉദ്യോഗസ്ഥൻറെ യൂണിഫോമില്‍ പേര് വെളിപ്പെടുത്തുന്ന നെയിം പ്ലേറ്റ് പോലും ഉണ്ടായിരുന്നില്ല . ഇത് പൊലീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഇതും സസ്‌പെന്‍ഷനിലേക്ക് നയിച്ച ഒരു ഘടകമാണ്.

വീഡിയോ എടുത്തയാള്‍ പൊലീസുകാരനെ ശശാങ്ക് റാണെ എന്ന് അഭിസംബോധന ചെയ്യുന്നുണ്ട്. ഇത് തെളിവായി പരിഗണിച്ചാണ് പ്രാഥമിക നടപടി എന്ന നിലയില്‍ സസ്‌പെന്‍ഡ് ചെയ്തത്.

Top