ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയില്‍ ഇത് വരെ 47 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒരു മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രോഗബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മുംബൈ, നഗരങ്ങള്‍ ഭാഗികമായി അടച്ചിടാനാണ് സര്‍ക്കാര്‍ തീരുമാനം. മുംബൈയിലെ എല്ലാ ഓഫീസുകളും മാര്‍ച്ച് 31 വരെ അടച്ചിടാന്‍ തീരുമാനിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. കൂടാതെ അവശ്യ വസ്തുക്കള്‍ വില്‍പന നടത്തുന്നത് ഒഴികെയുള്ള എല്ലാ കടകളും അടച്ചിടും.
മുംബൈയെ കൂടാതെ പുണെ, പിംപ്രി ചിന്ദ്വാദ്, നാഗ്പുര്‍ എന്നീ നഗരങ്ങളിലും സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം ആളുകള്‍ മാത്രമേ ഹാജരാകേണ്ടതുള്ളൂവെന്നും ഉദ്ധവ് താക്കറെ അറിയിച്ചു. നടപടിക്രമങ്ങള്‍ അതാത് ജില്ലകളിലെ കളക്ടര്‍മാര്‍ അറിയിക്കും.
ഇന്ത്യയില്‍ ഇതുവരെ 195 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 32 പേര്‍ വിദേശികളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹരിയാനയിലാണ് ഏറ്റവും കൂടുതല്‍ വിദേശികള്‍ക്ക് രോഗം സ്ഥിരീകരിച്ചിക്കുന്നത്. 14 വിദേശികള്‍ക്ക് ഇവിടെ രോഗം കണ്ടെത്തിയിട്ടുണ്ട്. അഞ്ച് മരണവും ഇതിനകം റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞു. ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍ എന്നിവടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അതേസമയം ലോകത്താകമാനമുള്ള കൊറോണ മരണം പതിനായിരത്തേക്ക് അടുത്തു. 176 രാജ്യങ്ങളിലായി 9818 പേര്‍ ഇതുവരെ മരണപ്പെട്ടു. 236,703 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 88,000ത്തോളം പേര്‍ക്ക് രോഗം ഭേദമായി.