മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിലെ പോരാട്ടങ്ങള്‍ക്ക് ഏപ്രില്‍ ഏഴിന് തുടക്കം കുറിക്കും. എന്നാല്‍ ഐപിഎല്ലിന് മുന്‍പെ ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശവുമായി മുംബൈ ട്വന്റി-20 ലീഗ് തുടക്കം കുറിക്കുകയാണ്. മാര്‍ച്ച് 11 മുതല്‍ 21 വരെയാണ് ഒന്നാമത് മുംബൈ ട്വന്റി20 ലീഗ് നടക്കുക.
മുംബൈയ്ക്ക് വേണ്ടി കളിക്കാന്‍ യോഗ്യതയുള്ള താരങ്ങള്‍ മാത്രമാണ് ലീഗില്‍ പങ്കെടുക്കുന്നത്. അതേസമയം സൂപ്പര്‍ താരങ്ങള്‍ക്ക് ലീഗ് നഷ്ടമായേക്കുമെന്നാണ് സൂചന. ഇന്ത്യയുടെ നിദാഹാസ് ട്രോഫി മത്സരങ്ങളില്‍ വിശ്രമം ലഭിച്ചാല്‍ മാത്രമെ രോഹിത് ശര്‍മ്മയ്ക്ക് ലീഗില്‍ കളത്തിലിറങ്ങാന്‍ സാധിക്കുകയുള്ളൂ.
ശ്രീലങ്കന്‍ പര്യടനത്തിലുള്ള ടീമില്‍ ഇടം ലഭിച്ചില്ലെങ്കില്‍ ഷര്‍ദുല്‍ താക്കൂര്‍ ലീഗില്‍ കളത്തിലിറങ്ങും. എന്നാല്‍ ശ്രേയസ്സ് അയ്യരും രഹാനെയും പ്രിഥ്വി ഷായും ദേവധര്‍ ട്രോഫിക്കോ, ഇറാനി ട്രോഫിക്കോ വേണ്ടിയുള്ള ടീമില്‍ സ്ഥാനം പിടിച്ചാല്‍ ഇവര്‍ക്ക് ആദ്യ സീസണ്‍ മുംബൈ ലീഗ് നഷ്ടമാകും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഇന്ത്യന്‍ മുംബൈ ട്വന്റി-20 ലീഗിന്റെ ബാന്‍ഡ് അംബാസിഡർ.