മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലെത്തിയതിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം പൂര്‍ണമായും തങ്ങളുടെ കൈവശമായിരിക്കുമെന്ന് വ്യക്തമാക്കി ശിവസേന. അതേസമയം
മുഖ്യമന്ത്രി ആരാവുമെന്ന കാര്യത്തില്‍ ഇപ്പോഴും ശിവസേനയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
ഇന്ന് മാതോശ്രീയില്‍ വിളിച്ചു ചേര്‍ത്ത എംഎല്‍എമാരുടേയും ശിവസേനാനേതാക്കളുടേയും യോഗത്തില്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി. സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, ഏക് നാഥ് ശിണ്ഡേ എന്നിവരുടെ പേരുകളാണ് നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
അതിനിടെ അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി തന്റെ പാര്‍ട്ടിയില്‍ നിന്നായിരിക്കുമെന്നും അഞ്ച് വര്‍ഷത്തെ കാലാവധി ശിവസേനയുടെ മുഖ്യമന്ത്രിക്ക് കീഴില്‍ സര്‍ക്കാര്‍ തികയ്ക്കുമെന്നും മഹാരാഷ്ട്രയിലെ ജനങ്ങളും ശിവസേനാ പ്രവര്‍ത്തകരും ശിവസേനാ മേധാവി ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. അടുത്ത മുഖ്യമന്ത്രിയായി എന്‍സിപിയും ശരത് പവാറും താങ്കളുടെ പേര് നിര്‍ദേശിച്ചാല്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായിട്ടാണ് സഞ്ജയ് റാവത്ത് ഇക്കാര്യം വ്യക്തമാക്കിയത്.