കൊറോണ സാമൂഹവ്യാപനം? മുംബൈയില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് വൈറസ്‌

മുംബൈ: ഈ നൂറ്റാണ്ടില്‍ നേരിട്ടുകൊണ്ടിരിക്കുന്ന മഹാമാരിയായ കൊറോണ വൈറസിന്റെ സമൂഹവ്യാപനമുണ്ടായോ എന്ന സംശയം നിലനില്‍ക്കുന്നതിനിടെ മഹാരാഷ്ട്രയില്‍ ഇന്ന് 12 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.

സാംഗ്ലി ജില്ലയിലെ ഒരു കുടുംബത്തില്‍ ഉള്‍പ്പെട്ട 12 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. മുംബൈയ്ക്കും പൂണെയ്ക്കും പുറമേ സംസ്ഥാനത്തെ ഗ്രാമമേഖലകളിലേയ്ക്കും വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചതോടെ കടുത്ത ആശങ്കയിലാണ് മഹാരാഷ്ട്ര.

നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് വൈറസ് സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. അതേസമയം മഹാരാഷ്ട്രയില്‍ സമൂഹവ്യാപനമുണ്ടായെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. വൈറസ് ബാധിച്ച് ഏറ്റവുമൊടുവില്‍ മരിച്ച രണ്ട് സ്ത്രീകള്‍ക്ക് എങ്ങനെ രോഗബാധയുണ്ടായെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

സംസ്ഥാനത്തിന്റെ പലമേഖലകളിലും കൂട്ടത്തോടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സമൂഹവ്യാപനമെന്ന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ഇന്നും ആവര്‍ത്തിച്ചു. എന്നാല്‍ ഏറ്റവുമൊടുവില്‍ മരിച്ച ഗോവണ്ടിയിലെയും മുംബൈ സെന്‍ട്രലിലെയും രണ്ട് സ്ത്രീകളും വിദേശത്ത് പോയിട്ടില്ല.

ഗോവണ്ടിയിലെ 65കാരി മൂന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.ഇവിടെ നിന്നാകാം രോഗം ബാധിച്ചതെന്ന ധാരണയിലാണ് ആരോഗ്യവകുപ്പ്.മരണ ശേഷമാണ് സ്രവ പരിശോധനാ ഫലം വന്നത്. ഡബ്ലുഎച്ച്ഒ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെയാണ് സംസ്‌കാരം നടന്നത്. മുംബൈ സെന്‍ട്രലില്‍ ഹോട്ടല്‍ നടത്തുന്ന സ്ത്രീയാണ് ഇന്നലെ മരിച്ചത്. ഇവര്‍ക്കും എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്താനായില്ല.

17 പേര്‍ക്ക് കൂടി ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 135 ആയി.

Top