മുംബൈ: പ്രസവത്തിന് ശേഷം യുവതിയെയും കുഞ്ഞിനെയും കൊറോണ ബാധിതനൊപ്പം ഒരേ മുറിയില്‍ അഡ്മിറ്റ് ചെയ്തതിനെ തുടര്‍ന്ന് അമ്മക്കും കുഞ്ഞിനും വൈറസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ആഴ്ച മുംബൈ ചെമ്പൂര്‍ നഗര പ്രദേശത്ത് താമസിക്കുന്ന സ്ത്രീയെയാണ് പ്രസവത്തിനായി ഈ പ്രദേശത്തെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയത്.
പ്രസവശേഷം ആശുപത്രിയിലെ സ്വകാര്യമുറിയിലേക്ക് മാറ്റി. പിന്നീട് അതേ മുറിയില്‍ മറ്റൊരു രോഗിയെയും അഡ്മിറ്റ് ചെയ്തു. എന്നാല്‍ ആ രോഗി കൊറോണ സംശയിക്കുന്ന രോഗിയാണെന്ന് കുടുംബത്തിനോട് വ്യക്തമാക്കിയിരുന്നില്ല.
പ്രസവിച്ച് മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ നിര്‍ദേശ പ്രകാരം ഡോക്ടര്‍മാര്‍ ഇവരോട് മുറി ഒഴിഞ്ഞുനല്‍കണമെന്ന് അറിയിച്ചിരുന്നു.
ആദ്യം മാറാന്‍ നിവൃത്തിയില്ലായിരുന്നുവെങ്കിലും നിമിഷങ്ങള്‍ക്കകം ഇവര്‍ മുറി ഒഴിഞ്ഞുനല്‍കി. പിന്നീട് ഡോക്ടര്‍ ഇവരുടെ ഭര്‍ത്താവിനെ വിളിച്ച് മുറിയില്‍ ഒപ്പമുണ്ടായിരുന്ന വ്യക്തി കൊറോണയെന്ന് അറിയിക്കുകയായിരുന്നു.
അമ്മക്കും കുഞ്ഞിനും കൊറോണ പകര്‍ന്നിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ചികിത്സിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ തയാറല്ലെന്ന് അറിയിച്ചതായും അവര്‍ പറഞ്ഞു. കുഞ്ഞിന്റെയും അമ്മയുടെയും പരിശോധന ഫലം വരാതെ ഡിസ്ചാര്‍ജ് ആകില്ലെന്ന് അറിയിച്ചെങ്കിലും നിര്‍ബന്ധപൂര്‍വ്വം ആശുപത്രിയില്‍ നിന്നും പുറത്താക്കുകയായിരുന്നുവെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു.
പിന്നീട് അമ്മയെയും കുഞ്ഞിനെയും മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യനിലയില്‍ ആശങ്ക ഇല്ലെന്നും പിതാവ് പറഞ്ഞു. ആശുപത്രി അധികൃതരുടെ അനാസ്ഥക്കെതിരെ കുഞ്ഞിന്റെ പിതാവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും പരാതി നല്‍കി.