മഹാരാഷ്ട്ര; വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ച് ഉദ്ധവിന്റെ ത്രികക്ഷിസഖ്യം

മുംബൈ: മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച് ഉദ്ധവ് താക്കറേയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യമായ മഹാ വികാസ് അഖാഡി. സര്‍ക്കാരിന് അനുകൂലമായി 169 വോട്ടുകളാണ് സഖ്യത്തിന്‌ ലഭിച്ചത്.

170ലധികം പേരുടെ പിന്തുണ ലഭിക്കുമെന്ന കണക്കുകൂട്ടല്‍ ത്രികക്ഷി സഖ്യത്തിന് നേരത്തെ തന്നെയുണ്ടായിരുന്നു. എന്നാല്‍ മഹാ വികാസ് അഖാഡിയില്‍ എന്‍സിപിക്ക് 56 എംഎല്‍എമാരുണ്ട്. ശിവസേനക്ക് 54 എംഎല്‍എമാരും കോണ്‍ഗ്രസിന് 44 എംഎല്‍എമാരുമാണുള്ളത്. ഇതിനുപുറമേ എട്ട് പേരുടെ പിന്തുണ കൂടി ഉറപ്പാണെന്നായിരുന്നു ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ ത്രികക്ഷി സഖ്യം പറഞ്ഞിരുന്നത്.

എന്നാല്‍ സഭയുടെ പ്രത്യേക സമ്മേളനം ചേരുന്നത് നിയമപരമായിട്ടല്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി സഭയില്‍ ബഹളം വച്ചു. വിശ്വാസവോട്ടെടുപ്പിനുള്ള പ്രത്യേക സമ്മേളനം നിയമപ്രകാരമല്ല വിളിച്ചുചേര്‍ത്തതെന്ന് വിശ്വാസ വോട്ടെടുപ്പിന് മുമ്പ് സംസാരിക്കവേ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫ്ഡനാവിസ് ആരോപിച്ചു. സമ്മേളനം ആരംഭിച്ചപ്പോള്‍ ‘വന്ദേ മാതരം’ ആലപിച്ചില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. ഫഡ്‌നാവിസിന്റെ ഈ
ആരോപണമാണ് സഭയില്‍ ബഹളത്തിന് വഴിവെച്ചത്.

വിശ്വാസപ്രമേയം അവതരിപ്പിച്ചത് അശോക് ചവാനായിരുന്നു. എന്‍സിപിയില്‍ നിന്നുള്ള ദിലീപ് പാട്ടീലാണ് പ്രോടേം സ്പീക്കറായി വിശ്വാസ വോട്ടെടുപ്പിനുള്ള സഭാ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത്.

Top