മല്യക്ക് തിരിച്ചടി; പിടിച്ചെടുത്ത സ്വത്തുകള്‍ ലേലം ചെയ്യാമെന്ന് മുംബൈയിലെ കോടതി

മുംബൈ: വായ്പ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് രാജ്യം വിട്ട വ്യവസായി വിജയ് മല്ല്യയുടെ ജംഗമ സ്വത്തുകള്‍ ലേലം ചെയ്യാമെന്ന് മുംബൈയിലെ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് കോടതി .

വിജയ് മല്ല്യയുടെ പിടിച്ചെടുത്ത സ്വത്തുക്കള്‍ ജപ്തി ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മറ്റ് ബാങ്കുകളും കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ബോംബെ ഹൈക്കോടതിയെ സമീപിക്കാന്‍ ജനുവരി 18 വരെ സമയം നല്‍കിയിട്ടുണ്ട്. അതിനുള്ളില്‍ ലേല നടപടികള്‍ സ്വീകരിക്കരുതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

6203.35 കോടിയുടെ സ്വത്തുക്കളാണ് ലേലം ചെയ്യാനോ വില്‍ക്കാനോ ബാങ്കുകള്‍ ഉദ്ദേശിക്കുന്നത്. വായ്പ തട്ടിപ്പ് നടത്തിയ വിജയ് മല്ല്യ 2016ലാണ് ബ്രിട്ടനിലേക്ക് മുങ്ങുന്നത്. വിജയ് മല്ല്യയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച കേസ് ബ്രിട്ടനില്‍ നടക്കുന്നതിനിടയിലാണ് സ്വത്തുകള്‍ ലേലം ചെയ്യാമെന്ന് കോടതി ഉത്തരവിട്ടത്.

Top