മനില: ഏഴു വര്‍ഷം മുന്‍പ് ദുരൂഹനിലയില്‍ അപ്രത്യക്ഷനായ ജര്‍മന്‍ സാഹസികനായ മാന്‍ഫ്രെഡ് ഫ്രിറ്റ്‌സ് ബജോറാത്തിന്റെ (59) മൃതദേഹം ചെറു കപ്പലിനുള്ളില്‍ ‘മമ്മി’യായ നിലയില്‍ കണ്ടെത്തി. രണ്ടു മല്‍സ്യത്തൊഴിലാളികളാണ് ഫിലിപ്പീന്‍സ് സമുദ്രാതിര്‍ത്തിയോട് ചേര്‍ന്ന് ‘മമ്മി’യായി മാറിയ നാവികന്റെ മൃതദേഹമുള്‍പ്പെടെ ചെറു കപ്പല്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഇരുപതു വര്‍ഷമായി ചെറു കപ്പലില്‍ ലോകം ചുറ്റുന്ന സാഹസിക സഞ്ചാരിയാണ് മാന്‍ഫ്രെഡ്. കപ്പലിനുള്ളിലെ റേഡിയോ ഫോണിന് സമീപമാണ് മൃതദേഹം കാണപ്പെട്ടത്. മരിക്കുന്നതിന് മുന്‍പ് ഇയാള്‍ റേഡിയോ ഫോണിലൂടെ പുറംലോകവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരിക്കാമെന്നാണ് നിഗമനം.
കഴിഞ്ഞ ഏഴു വര്‍ഷമായി കപ്പലില്‍ നിന്നുള്ള റേഡിയോ തരംഗങ്ങളും കണ്ടെത്താനായിരുന്നില്ല. മാന്‍ഫ്രെഡിന്റെ ഭാര്യയും അദ്ദേഹത്തോടൊപ്പം യാത്രകളില്‍ അനുഗമിക്കാറുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ കാണാതാകുന്നതിന് ഒരു വര്‍ഷം മുന്‍പ് ഇരുവരും പിരിഞ്ഞതിനാല്‍ അവസാന യാത്രയില്‍ കൂടെയുണ്ടായിരുന്നില്ല.
കപ്പലിനുള്ളില്‍ കണ്ടെത്തിയ രേഖകളില്‍ നിന്നാണ് മരിച്ചത് മാന്‍ഫ്രെഡാണെന്ന് തിരിച്ചറിഞ്ഞത്. കടല്‍ സഞ്ചാരത്തില്‍ ഏറെ അനുഭവസമ്പത്തുള്ള മാന്‍ഫ്രെഡിന്റെ മരണകാരണം വ്യക്തമല്ല. മാന്‍ഫ്രെഡ് പെട്ടെന്നുണ്ടായ എന്തോ കാരണത്താല്‍ മരിക്കുകയായിരുന്നുവെന്നാണ് അനുമാനം. ഉപ്പുകാറ്റും ചൂടും നിമിത്തമാണ് ഇദ്ദേഹത്തിന്റെ മൃതദേഹം ഇതുവരെയും അഴുകാതിരിക്കാന്‍ കാരണമെന്നാണ് കരുതുന്നത്.
കപ്പലില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നതിന്റെ സൂചന ലഭിച്ചിട്ടില്ലെന്ന് ഫിലിപ്പീന്‍സ് പൊലീസ് വക്താവ് അറിയിച്ചു. കപ്പലില്‍ നിന്ന് ആയുധങ്ങളും കണ്ടെത്തിയിട്ടില്ല.