മുനമ്പം മനുഷ്യക്കടത്ത് ; ദയ മാതാ ബോട്ട് മാല്യങ്കരയില്‍ എത്തിയത് ഒരു മാസം മുമ്പ്

കൊച്ചി : മുനമ്പം മനുഷ്യക്കടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദയ മാതാ ബോട്ട് മാല്യങ്കരയില്‍ എത്തിയത് ഒരു മാസം മുമ്പാണെന്നും തമിഴ് സംസാരിക്കുന്നവരായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്നും കണ്ടെത്തി. മുനമ്പത്തെ പമ്പില്‍ നിന്നാണ് ഇന്ധനം വാങ്ങിയത്. ഡീസല്‍ പമ്പ് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം കൊച്ചി വഴി മുമ്പും മനുഷ്യക്കടത്ത് നടത്തിയവര്‍ തന്നെയാണ് ഇപ്പോഴത്തെ രാജ്യാന്തര കുടിയേറ്റ ശ്രമത്തിന് പിന്നിലെന്നും ഓസ്‌ട്രേലിയയുടെ നിയന്ത്രണത്തിലുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവര്‍ പോയതെന്നുമാണ് വിവരം.

42 പേരടങ്ങുന്ന സംഘം കൊച്ചി തീരത്തുനിന്ന് രണ്ടുദിവസം മുമ്പാണ് മല്‍സ്യബന്ധനബോട്ടില്‍ പുറപ്പെട്ടത്. മുനമ്പത്തുനിന്നും കൊടുങ്ങല്ലൂരില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗുകളാണ് മനുഷ്യക്കടത്തിനെപ്പറ്റി സൂചന നല്‍കിയത്. ഓസ്‌ട്രേലിയയില്‍ നിന്ന് 1538 നോട്ടിക്കല്‍ മൈല്‍ അകലെയുളള ക്രിസ്തുമസ് ദ്വീപിലേക്കാണ് ഇവര്‍ പോയെതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഓസ്‌ട്രേലിയയിലേക്കുളള അനധികൃത കുടിയേറ്റത്തിന്റെ ഇടനാഴിയാണ് ഈ ദ്വീപ് എന്നാണ് വിവരം.

തമിഴ്‌നാട്ടില്‍ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരാണ് ജയമാതാ ബോട്ടില്‍ കൊച്ചി തീരം വിട്ടതെന്നും സംശയിക്കുന്നു. ഇത്തരം ക്യാമ്പുകളിലെ നിരവധിപ്പേര്‍ മുമ്പും കൊച്ചി വഴി സമാനരീതിയില്‍ ഓസ്‌ട്രേലിയയിലേക്ക് പോയതാണ് ഇത്തരമൊരു സംശയത്തിന് കാരണം. തമിഴ്‌നാട്ടിലെ ഈ അഭയാര്‍ഥി ക്യാപികളില്‍ കഴിയുന്നവരെ അനധികൃത കുടിയേറ്റത്തിന് പ്രേരിപ്പിക്കുന്ന രാജ്യാന്തര റാക്കറ്റുതന്നെയാണ് മുനമ്പത്ത് എത്തിയതെന്നും കരുതുന്നു.

ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. മനുഷ്യക്കടത്ത് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്. 16 അംഗ അന്വേഷണ സംഘത്തിനാണ് അന്വേഷണ ചുമതല ല്‍കിയത്.

Top