കൊച്ചി : മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ ആറു പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസിലെ മുഖ്യപ്രതി സെല്‍വന്‍, സ്റ്റീഫന്‍ രാജ്, അജിത്, വിജയ്, ഇളയരാജ, അറുമുഖന്‍ എന്നിവരെ മനുഷ്യക്കടത്ത് വകുപ്പ് ചുമത്തി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി.
അതേസമയം കേസില്‍ പോലീസിന്റെ അന്വേഷണം പരിതാപകരമാണെന്ന് കോടതി പറഞ്ഞു. പ്രഥമദൃഷ്ട്യാ മനുഷ്യക്കടത്തിന്റെ ഘടകങ്ങളുണ്ടായിട്ടും കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നു കോടതി ആരാഞ്ഞു. ഇതുവരെ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്നു കോടതി വാദത്തിനിടെ പരാമര്‍ശിച്ചു. എന്നാല്‍ ആളുകളെ കൊണ്ടുപോയതില്‍ ദുരുദ്ദേശ്യമില്ലെന്നു കണ്ടാണ് വകുപ്പ് ഉള്‍പ്പെടുത്താത്തതെന്നും റിവ്യൂ മീറ്റിങിനു ശേഷം ആവശ്യമെങ്കില്‍ ഉള്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഓസ്ട്രേലിയയിലേക്ക് പോയവര്‍ എവിടെയെത്തിയെന്ന് അറിയില്ല. ബന്ധുക്കളെ അവര്‍ ഫോണില്‍ പോലും വിളിക്കുന്നില്ല. പ്രഥമദൃഷ്ട്യാ ചൂഷണം ഉണ്ട്. മെച്ചപ്പെട്ട ജീവിതം വാഗ്ദാനം ചെയ്ത് പണം വാങ്ങി ആളുകളെ കടത്തുകയായിരുന്നു. മനുഷ്യക്കടത്ത് ആണെന്നു കരുതാന്‍ ഇതൊക്കെ മതിയെന്നും കോടതി നിരീക്ഷിച്ചു.