കൊച്ചി: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. മുനമ്പത്തുനിന്ന് മീന്‍പിടിത്തബോട്ടില്‍ ഓസ്‌ട്രേലിയയിലേക്കു കടന്നതില്‍ 80 പേരുടെ വിശദാംശങ്ങളാണ് പൊലീസിനിപ്പോള്‍ ലഭിച്ചിരിക്കുന്നത്.
ബോട്ടില്‍ പുറപ്പെട്ടവരില്‍ 80പേരെക്കുറിച്ചുള്ള വിവരങ്ങളും ഇവരുടെ ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. ബോട്ടില്‍ 120 പേരെങ്കിലും ഉണ്ടാകുമെന്നാണ് നിഗമനം. ഭാരം കൂടിയതിനാലാണ് കുറെപ്പേര്‍ക്ക് തിരിച്ചുപോകേണ്ടി വന്നതും പോയതില്‍ ചിലര്‍ ബാഗുകള്‍ ഉപേക്ഷിച്ചതും.
തോപ്പുംപടി കോടതിയില്‍ കേസില്‍ ക്രിമിനല്‍ നടപടി ചട്ടം 102 പ്രകാരം പൊലീസ് പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്.ഐ.ആര്‍.) സമര്‍പ്പിച്ചു. മനുഷ്യക്കടത്തല്ല, അനധികൃത കുടിയേറ്റമെന്ന നിലയിലാണ് എഫ്.ഐ.ആര്‍. നല്‍കിയത്.
തമിഴ്നാട്ടുകാരും ശ്രീലങ്കന്‍ അഭയാര്‍ഥി കുടുംബങ്ങളുമാണ് നവജാത ശിശു ഉള്‍പ്പെടെ കുട്ടികളും സ്ത്രീകളുമുണ്ട്. മിക്കവരും അടുത്ത ബന്ധുക്കള്‍. സ്വന്തം താത്പര്യപ്രകാരമാണ് ഇവര്‍ പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
മുനമ്പത്തുനിന്ന് വാങ്ങിയ ദയാമാത-2 ബോട്ടില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ആളുകളെ കയറ്റിവിട്ടത്. ഐസും മീനും സൂക്ഷിക്കുന്നതിനുള്ള ഉള്ളറകള്‍ പൊളിച്ച് ഹാളാക്കി. പകല്‍നേരം ബോട്ടിന്റെ പുറത്തുനിന്ന് യാത്രചെയ്യണം. പൊലീസിന്റെ കസ്റ്റഡിയിലുള്ള പ്രഭുവും രവിയും ഇങ്ങനെ മൊഴി നല്‍കിയിട്ടുണ്ട്.
മാല്യങ്കരയിലെ സ്വകാര്യ ബോട്ടുജെട്ടിയില്‍നിന്ന് ജനുവരി 12-ന് രാത്രി ഓസ്ട്രേലിയ ലക്ഷ്യമാക്കിയാണ് ബോട്ട് പോയത്. ഇന്‍ഡൊനീഷ്യന്‍ തീരംവഴി ഓസ്ട്രേലിയക്കു പോകുമെന്നാണ് കരുതുന്നത്. ആദ്യം ക്രിസ്മസ് ദ്വീപിലേക്കാണ് പോകുന്നതെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.
ബോട്ട് കണ്ടെത്താനായി നാവിക സേനയും തീരസംരക്ഷണ സേനയും തിരച്ചില്‍ തുടരുകയാണ്. കടലില്‍ ആയിരക്കണക്കിന് മീന്‍പിടിത്ത ബോട്ടുകളുണ്ട്. അതിനാല്‍ ഈ ബോട്ട് കണ്ടെത്തുക ദുഷ്‌കരമാണെന്നാണ് വിവരം.