മരട് ഫ്ലാറ്റ് പൊളിച്ചതിന്റെ കെട്ടിട മാലിന്യങ്ങൾ എവിടേക്ക് പോയെന്ന് കണ്ടെത്താനാകാതെ നഗരസഭ

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിച്ചതിന്റെ കെട്ടിട മാലിന്യങ്ങൾ എവിടേക്ക് പോയെന്ന് കണ്ടെത്താനാകാതെ നഗരസഭ. കെട്ടിടാവശിഷ്ടങ്ങൾ സമീപ നഗരസഭകളിലേക്ക് കൊണ്ടുപോയി എന്നാണ് മരട് നഗരസഭ പറഞ്ഞിരുന്നതെങ്കിലും മാലിന്യങ്ങൾ ഇത് വരെ കണ്ടത്താൻ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. 2019-ലായിരുന്നു തീരദേശ നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തി സുപ്രീം കോടതി 4 ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിച്ച് നീക്കാൻ ഉത്തരവിട്ടത്. അതേസമയം പൊളിഞ്ഞുവീണ ഫ്ലാറ്റുകളുടെ സ്ഥാനത്ത് വീണ്ടും ഫ്ലാറ്റ് ഉയർത്താനുള്ള നിയമ പോരാട്ടത്തിലാണ് വീട് നഷ്ടമായവർ.

നഷ്ടപരിഹാരത്തിന് പുറമെ പലിശ കൂടി നൽകണമെന്ന ഫ്ലാറ്റ് ഉടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റെതായിരുന്നു ഉത്തരവ്. ഫ്ലാറ്റുടമകൾക്കായി 115 കോടി രൂപയാണ് നിർമാതാക്കൾ നൽകേണ്ട നഷ്ടപരിഹാര തുക. അതിനിടെ മരടിൽ അനധികൃത ഫ്ലാറ്റ് നിർമ്മാണത്തിന് പിന്നിലെ ഉത്തരവാദികളെ കണ്ടെത്താൻ ഏകാംഗ ജുഡീഷ്യൽ കമ്മീഷനെയും സുപ്രീം കോടതി നിയോഗിച്ചിരുന്നു. റിട്ടയേർഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്.

ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ് എന്നീ ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് നിർമ്മാതാക്കൾ മുഴുവന്‍ പണവും തിരികെ നൽകിയിരുന്നു. ആല്ഫാ സെറിനാകാട്ടെ നഷ്ടപരിഹാരത്തിന്റെ 90 ശതമാനവും നല്‍കി.

Top