ചെന്നൈ : മൂന്നാറിലെ ഓട്ടോഡ്രൈവര്‍മാരുടെ കൊലപാതകത്തില്‍ പ്രതി തിരുനല്‍വേലി മണി കീഴടങ്ങി.
ചെന്നൈ സെയ്താപേട്ട് കോടതിയിലാണ് കീഴടങ്ങിയത്. റിമാന്‍ഡ് ചെയ്ത പ്രതിയെ തേനി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും.
തമിഴ്‌നാട്ടിലേക്ക് ഓട്ടോ വിളിച്ചുകൊണ്ടു പോയശേഷം ഡ്രൈവറെയും ബന്ധുവിനെയും ബോഡിമെട്ട് ചെക്ക്‌പോസ്റ്റിനു സമീപം ചുരത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കണ്ണന്‍ ദേവന്‍ കമ്പനി എല്ലപ്പെട്ടി എസ്റ്റേറ്റ് കെ.കെ. ഡിവിഷനില്‍ തമ്പദുരൈയുടെ മകനും ഓട്ടോഡ്രൈവറുമായ ശരവണന്‍ (19), ബന്ധുവും കെ.കെ. ഡിവിഷനില്‍ ഏബ്രഹാമിന്റെ മകനുമായ ജോണ്‍ പീറ്റര്‍ (17) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്.
യുവാക്കളെ കൊലപ്പെടുത്തിയെന്നു തമിഴ്‌നാട്ടിലെ ക്വട്ടേഷന്‍ സംഘാംഗവും കൊലപാതകക്കേസുകളിലെ പ്രതിയുമായ തിരുനെല്‍വേലി സ്വദേശി മണി (45) യുവാക്കളുടെ ബന്ധുക്കളെ ഫോണ്‍ വിളിച്ചറിയിക്കുകയായിരുന്നു.
സംഭവത്തില്‍ എല്ലപ്പെട്ടി സ്വദേശികളും മണിയുടെ പരിചയക്കാരുമായ സെന്തില്‍ (35), രമേശ് (33), വിമല്‍ (40), മണിയുടെ അമ്മാവന്‍ ചെല്ലദുരൈ (60) എന്നിവരെ തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.