തിരുവനന്തപുരം: മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ രാഷ്ട്രീയവിവാദമായിരിക്കെ ഉന്നതതലയോഗത്തില്‍ ഇടുക്കി കളക്ടറും ദേവികുളം സബ്കളക്ടറും അടങ്ങുന്ന സംഘത്തിന് മുഖ്യമന്ത്രിയുടെയും വൈദ്യുതിവകുപ്പ് മന്ത്രി എം.എം മണിയുടെയും രൂക്ഷ വിമര്‍ശനം.
മൂന്നാറിലെ സംഭവവികാസങ്ങള്‍ വിശകലനം ചെയ്യുന്നതിനായി മുഖ്യമന്ത്രി വിളിച്ചുചേര്‍ന്ന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് വിമര്‍ശനം നേരിടേണ്ടിവന്നത്.
മുന്‍കൂട്ടി അറിയിക്കാതെ പാപ്പാത്തിച്ചോലയില്‍ കുരിശ് പൊളിച്ചുമാറ്റിയ നടപടിയില്‍ സബ് കളക്ടര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും നേര്‍ക്ക് പിണറായി വിജയന്‍ ക്ഷുഭിതനായി സംസാരിച്ചതായാണ് സൂചന. കുരിശ് പൊളിക്കല്‍ പോലുള്ള നടപടികള്‍ സ്വീകരിച്ചാല്‍ വേറെ പണി നോക്കേണ്ടിവരും. ഇത്തരക്കാര്‍ സര്‍ക്കാര്‍ ജോലിയില്‍ തുടരാമെന്നു വിചാരിക്കേണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വൈദ്യുത മന്ത്രി എം.എം.മണിയും ശക്തമായ ഭാഷയിലാണ് ദേവികുളം സബ് കളക്ടര്‍ വെങ്കിട്ടരാമന്‍ ശ്രീറാമിനെതിരേ നിലപാട് സ്വീകരിച്ചത്. കുരിശ് പൊളിച്ചതിന്റെ ഗുണഭോക്താവ് ആരെന്ന് സബ്കളക്ടറോട് ആരാഞ്ഞ മന്ത്രി, കുരിശ് പൊളിക്കല്‍ ബിജെപിയെ സഹായിക്കുന്ന നടപടിയായിപ്പോയെന്നും കുറ്റപ്പെടുത്തി.