തിരുവനന്തപുരം: മൂന്നാറിൽ കൈയേറ്റമൊഴിപ്പിക്കലുമായി മുന്നോട്ടു പോകുമെന്ന് റവന്യുമന്ത്രി ഇ.ചന്ദ്രശേഖരൻ. മൂന്നാറിലെ കൈയേറ്റ ഭൂമി ഒഴിപ്പിക്കുന്നതിൽനിന്നു പിന്നോട്ടില്ല. ഇനി കുരിശ് പൊളിക്കേണ്ടിവന്നാൽ അത് അപ്പോൾ ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മൂന്നാർ വിഷയത്തിൽ സിപിഐ-സിപിഎം തർക്കം രൂക്ഷമായതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി മന്ത്രി രംഗത്തെത്തിയത്.
നേരത്തെ, പാപ്പാത്തിച്ചോലയിലെ കുരിശ് നീക്കിയതു വിവാദമായതിന്റെ പശ്ചാത്തലത്തിൽ മൂന്നാറിലെ ഒഴിപ്പിക്കൽ നടപടികൾ നിർത്തിവയ്ക്കാൻ മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. കൂടാതെ, തന്നെ അറിയിക്കാതെ അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കിയതിൽ മുഖ്യമന്ത്രി ദേവികുളം സബ് കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരെ നിശിതമായി വിമർശിക്കുകയും ചെയ്തു.
അതേസമയം, കൈയേറ്റമൊഴിപ്പിക്കലിൽ മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചിരിക്കുന്ന നിലപാട് തള്ളി സിപിഐ മുഖപത്രം രംഗത്തെത്തി. കുരിശ് പോലുള്ള മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ ക്രൈസ്തവസഭകൾ അപലപിച്ചിട്ടും അതിനെ പിന്തുണയ്ക്കാൻ ശ്രമിക്കുന്നവർ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും കവചമൊരുക്കുകയാണെന്നും ഭൂരഹിത കുടിയേറ്റക്കാരുടെ പേരിൽ കൈയേറ്റക്കാർക്കായി പ്രതിരോധമുയർത്തുന്നവരുടെ തനിനിറം ജനങ്ങൾ തിരിച്ചറിയുമെന്ന് ജനയുഗം മുഖപ്രസംഗത്തിൽ മുന്നറിയിപ്പുനൽകുന്നു.