മൂന്നാര്‍: മൂന്നാറില്‍ അനധികൃത കൈയേറ്റമൊഴിപ്പിക്കാനെന്ന പേരില്‍ കലക്ടറും സബ് കലക്ടറും ഇപ്പോള്‍ ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്‍.
പാപ്പാത്തിചോലയില്‍ കൈയേറ്റമില്ല. കൈയേറ്റം ഒഴിപ്പിക്കാനായി 100 പൊലീസുകാരെ കൊണ്ടുവന്നത് ശരിയല്ല. ഭരണം കൈയേറാമെന്ന് സബ്കലക്ടറും മാധ്യമങ്ങളും കരുതേണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു.
കൈയേറ്റം ഒഴിപ്പിക്കുന്ന നടപടി പ്രഹസനമണെന്ന് എസ്.രാജേന്ദ്രന്‍ എംഎല്‍എ പ്രതികരിച്ചു.
അതേ സമയം അനധികൃത കൈയേറ്റം ഒഴിപ്പിക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസ്സന്‍ അറിയിച്ചു.
ദേവികുളം താലൂക്കിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടി ഇന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ ആരംഭിച്ചിരുന്നു. പാപ്പാത്തിചോലയില്‍ അനധികൃതമായി നിര്‍മ്മിച്ച കുരിശ് റവന്യൂ ഉദ്യോഗസ്ഥര്‍ പൊളിച്ച് നീക്കി. ദേവികുളം തഹസീല്‍ദാരുടെ നേതൃത്വത്തിലായിരുന്നു നടപടി.
വന്‍ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയിലാണ് റവന്യൂസംഘത്തിന്റെ നടപടി. കുരിശിനോടൊപ്പം പണിത താത്ക്കാലിക ഷെഡുകളും അധികൃതര്‍ തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാപ്പത്തിചോലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.