മൂന്നാര്‍: മൂന്നാര്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിന് മുകളില്‍ മണ്ണിടിഞ്ഞുവീണ് അഞ്ച് പേര്‍ മരിച്ചു.83 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നതെന്നും ഇതില്‍ 67 പേര്‍ മണ്ണിനടിയില്‍നിന്ന് കുടുങ്ങിക്കിടക്കുന്നുവെന്നുമാണ് സൂചന. എന്നാല്‍ എഴുപതിൽ കൂടുതൽ പേരുടെ ജീവൻ്റെ കാര്യത്തിൽ ആശങ്കയുണ്ട്.
മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. പളനിയമ്മ(50), ദീപന്‍(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
മണ്ണിടിഞ്ഞു വീണ സ്ഥലത്ത് അടിയന്തര നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍. സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നും കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തേക്കു തിരിച്ചു. വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ ആശുപത്രികള്‍ക്ക് അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.