മൂന്നാറിലെ രാജമലയില്‍ മണ്ണിടിച്ചില്‍ ; അടിയന്തരമായി വേണ്ടത് മെഡിക്കല്‍ ടീമാണെന്ന് ചെന്നിത്തല

ഇടുക്കി: മൂന്നാര്‍ കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്റെ രാജമല പെട്ടിമുടി ഡിവിഷനിലെ ലയത്തിന് മുകളില്‍ മണ്ണിടിഞ്ഞുവീണ സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്നാറില്‍ അടിയന്തരമായി വേണ്ടത് മെഡിക്കല്‍ ടീമാണെന്നും കൂടുതല്‍ ചികിത്സാ സംവിധാനം വേണമെന്നാണ് മേഖലയില്‍ നിന്ന് ഉയരുന്ന ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു. നിലവില്‍ ആശുപത്രി ഉണ്ടെങ്കിലും വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി മെഡിക്കല്‍ ടീം വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതുപോലെ തന്നെ എസ്റ്റേറ്റ് ലയങ്ങളിലെ തൊഴിലാളികള്‍ ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. അതിന് വേണ്ട സജ്ജീകരണങ്ങളൊരുക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ചെന്നിത്തല അറിയിച്ചു.

മണ്ണിടിഞ്ഞുവീണ് 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇനി 55 പേരെ കണ്ടെത്താനുണ്ടെന്ന് തഹസില്‍ദാര്‍ പറഞ്ഞു. 78 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ പന്ത്രണ്ട് പേരെ രക്ഷപ്പെടുത്തി.

മണ്ണിനടിയില്‍നിന്ന് രക്ഷപ്പെടുത്തിയ മൂന്ന് സ്ത്രീകളെയും ഒരു പുരുഷനെയും മൂന്നാര്‍ കണ്ണന്‍ ദേവന്‍ ആശുപത്രിയില്‍ എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതില്‍ രണ്ട് പേരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. പളനിയമ്മ(50), ദീപന്‍(25), സീതാലക്ഷ്മി(33), സരസ്വതി(50) എന്നിവരെയാണ് ആശുപത്രിയില്‍ എത്തിച്ചത്.

മൂന്നാറില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ രാജമലയ്ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. 83 പേര്‍ താമസിച്ചിരുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നു. രണ്ട് ലയങ്ങള്‍ പൂര്‍ണമായി തകര്‍ന്നുവെന്നാണ് വിവരം. എഴുപതില്‍ കൂടുതല്‍ പേരുടെ ജീവന്റെ കാര്യത്തില്‍ ആശങ്കയുണ്ട്.

മൂന്നാറിലെ ദുരന്തമേഖലയില്‍നിന്നും എയര്‍ലിഫ്റ്റിംഗ് പ്രതിസന്ധിയിലാണ്. കാലാവസ്ഥയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കേരളം വ്യോമസേനയോട് ഹെലിക്കോപ്റ്റര്‍ ആവശ്യപ്പെട്ടിരുന്നു. വ്യോമസേനയുടെ 50 അംഗ സംഘം പ്രദേശത്തേയ്ക്ക് പുറപ്പെട്ടു.

നിലവില്‍ റോഡ് മാര്‍ഗമാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. എന്നാല്‍ പലയിടങ്ങളിലും കനത്ത മഴയില്‍ റോഡ് തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്.

Top