മൂന്നാര്‍: മൂന്നാര്‍ ട്രിബ്യൂണല്‍ കോടതി കെട്ടിടത്തില്‍ അതിക്രമിച്ചു കയറിയ ശേഷം കോടതി മുറി ക്ലാസ് മുറിയാക്കിയ സംഭവത്തില്‍ ദേവികുളം എം.എല്‍.എ എസ്.രാജേന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. എം.എല്‍.എയുടെ നേതൃത്വത്തില്‍ കോടതി കെട്ടിടത്തിന്റെ പൂട്ടുകള്‍ തകര്‍ത്തായിരുന്നു അതിക്രമിച്ച് അകത്ത് കടന്നത്.
രാജേന്ദ്രനെ ഒന്നാം പ്രതിയും തഹസില്‍ദാര്‍ പി.വി ഷാജിയെ രണ്ടാം പ്രതിയുമാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവം മൊബൈലില്‍ പകര്‍ത്തിയ ജീവനക്കാരന് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തിരുന്നു. അതിക്രമിച്ചു കയറല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
ചൊവ്വാഴ്ച ഉച്ചക്കാണ് എസ്.രാജേന്ദ്രന്‍ എം.എല്‍.എ, ദേവികുളം തഹസീല്‍ദാര്‍ പി.കെ.ഷാജി, ഗവ.കോളേജിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ ട്രിബ്യൂണല്‍ കോടതിയിലെത്തിയത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഗവ.കോളേജ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സാധ്യത തേടിയാണ് ഇവരെത്തിയത്. കെട്ടിടത്തിന്റെ മുകള്‍നിലയിലെ മുറികളുടെ താക്കോല്‍ എം.എല്‍.എ. ആവശ്യപ്പെടുകയും ജീവനക്കാര്‍ താക്കോല്‍ കൊണ്ടുവരുന്നതിന് മുന്‍പ് സംഘത്തിലുണ്ടായിരുന്നവര്‍ പൂട്ടുകള്‍ തകര്‍ത്ത് അകത്തു കയറുകയുമായിരുന്നു.