മൂന്നാര്‍ : പന്ത്രണ്ടു വര്‍ഷത്തിനുശേഷം വിരുന്നെത്തിയ നീലക്കുറിഞ്ഞി വസന്തത്തെ വരവേല്‍ക്കാന്‍ കണ്ണീരോടെ മൂന്നാര്‍. കനത്ത കാലവര്‍ഷത്തില്‍ പൂക്കാന്‍മടിച്ച നീലക്കുറിഞ്ഞികള്‍ മൂന്നാറിന്റെ മലനിരകളില്‍ പുഷ്പിച്ചപ്പോള്‍ ഉത്സവംതീര്‍ത്ത് വരവേല്‍ക്കാന്‍ കാത്ത മൂന്നാര്‍ ജനത പ്രളയദുരിതം പേറി കണ്ണീര്‍ക്കയത്തിലാണ്.
കുറിഞ്ഞി വസന്തത്തില്‍ പത്തു ലക്ഷം സഞ്ചാരികളെ പ്രതീക്ഷിച്ചു കാത്തിരുന്ന മൂന്നാര്‍ റോഡുകള്‍ തകര്‍ന്നും ഉരുള്‍പൊട്ടലും പ്രളയവും തീര്‍ത്ത കെടുതികളും കാരണം ദുരന്തഭൂമിയായി മാറിയിരിക്കുകയാണ്.
2006ല്‍ ആറു ലക്ഷം പേരാണ് നീലക്കുറിഞ്ഞി പൂത്ത മലനിരകളുടെ സൗന്ദര്യം വീക്ഷിക്കാന്‍ മൂന്നാറിലെത്തിയത്. ഇത്തവണ ഒരു വര്‍ഷം മുമ്പു തന്നെ നീലക്കുറിഞ്ഞിക്കാലത്തിനായി ടൂറിസം വകുപ്പും വനംവകുപ്പും ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. രാജമല, ഇരവികുളം, കോവിലൂര്‍, കടവാരി എന്നിവിടങ്ങളിലെല്ലാം നീലക്കുറിഞ്ഞി പൂത്തുതുടങ്ങിക്കഴിഞ്ഞു.
700 ഹോട്ടലുകളും റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളിലുമായി 15000 പേര്‍ക്കുള്ള താമസസൗകര്യമാണ് മൂന്നാറിലുള്ളത്. ഒരു ദിവസം ഏതാണ്ട് 5 കോടി രൂപയുടെ വരുമാനമാണ് ടൂറിസം മേഖലയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത്. ഓണവും നീലക്കുറിഞ്ഞിക്കാലവും ഒരുമിച്ചു വരുന്നതിനാല്‍ ഇതിനേക്കാള്‍ വരുമാനം മൂന്നാറിനു ലഭിക്കുമായിരുന്നു. ഈ പ്രതീക്ഷകളാണ് ഉരുള്‍പൊട്ടലും പ്രളയവും കടപുഴക്കിയത്.
മൂന്നാര്‍ നഗരത്തെ ബന്ധിപ്പിക്കുന്ന പാലപാലങ്ങളും തകര്‍ന്ന നിലയിലാണ്. പലയിടത്തും റോഡ് ഒലിച്ചുപോയ അവസ്ഥയിലാണ്. സൈന്യത്തിന്റെ സഹായത്തോടെ താല്‍ക്കാലിക ബൈലി പാലങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം പ്രളയദുരന്തത്തിന്റെ കേടുപാടുകളില്‍ നിന്നും മോചിതരായിട്ടില്ല. ഇടതടവില്ലാത്ത സഞ്ചാരികളെക്കൊണ്ട് നിറഞ്ഞ മൂന്നാര്‍ തിരുവോണ ദിവസം വിജനമായ കാഴ്ചയായിരുന്നു. സര്‍ക്കാരും ടൂറിസം വകുപ്പും ഉണര്‍ന്നു പ്രവര്‍ത്തിച്ചാലേ നീലക്കുറിഞ്ഞി വസന്തത്തിലൂടെ മൂന്നാറിന്റെ ദുരിതം തീര്‍ക്കാനാവൂ.