തിരുവനന്തപുരം: കൊവിഡ് 19ന്റെ രണ്ടാം വരവിലും കേരളം മേല്‍ക്കൈ നേടി എന്നാല്‍ പ്രവാസികളുടെ വരവോടെ കേരളത്തില്‍ ഇനിയും കേസുകള്‍ ഉണ്ടാകും എന്നത് ഉറപ്പാണെന്ന് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി.ഇനി ഉള്ളത് മൂന്നാം വരവാണ്. കുറച്ചു പേരെങ്കിലും ഉത്തരവാദിത്തം ഇല്ലാതെ പെരുമാറി അത് വേണ്ടതില്‍ കൂടുതല്‍ വഷളാക്കും എന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു.
മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
കേരളമെന്നു കേട്ടാല്‍..
കേരളത്തിലെ കൊറോണ ഡാഷ്‌ബോര്‍ഡില്‍ നിന്നും ഇന്ന് രാവിലെ എടുത്ത ചിത്രമാണ്
എത്ര അതിശയകരമായ കണക്കുകള്‍ ആണ് ഇതില്‍ കാണുന്നതെന്ന് ഒരു പക്ഷെ പെട്ടെന്ന് മനസ്സിലായിക്കൊള്ളണം എന്നില്ല.
ജനുവരി മുപ്പത്തിനാണ് കേരളത്തില്‍ ആദ്യത്തെ മൂന്നു കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബാക്കി കാര്യങ്ങള്‍ നോക്കൂ
മൊത്തം ജനസംഖ്യ 33,406,000
ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്ത ദിവസം – ജനുവരി മുപ്പത്
മെയ് നാലുവരെ മൊത്തം കേസുകളുടെ എണ്ണം – 499
മൊത്തം മരണ സംഖ്യ – 3
ഇതേ സമയം അമേരിക്കയിലെ ന്യൂ യോര്‍ക്ക് സ്റ്റേറ്റിലെ കണക്കെടുക്കാം
മൊത്തം ജനസംഖ്യ 19,453,561
ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്ത ദിവസം മാര്‍ച്ച് ഒന്ന്
മെയ് നാലിലെ കേസുകളുടെ എണ്ണം – 318,953
മരണ സംഖ്യ – 24988
ഇനി ഗ്രെയ്റ്റര്‍ ലണ്ടനിലെ കണക്ക് നോക്കാം
മൊത്തം ജനസംഖ്യ 8,174,000
ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്ത ദിവസം ഫെബ്രുവരി പന്ത്രണ്ട്.
മെയ് നാലിന് കേസുകളുടെ എണ്ണം 24,988
മരണ സംഖ്യ – 5,178
രണ്ടു പ്രദേശത്തും കേരളത്തേക്കാള്‍ ജനസംഖ്യ കുറവാണ്, പക്ഷെ കേസുകളുടെ എണ്ണം ഏറെ കൂടുതല്‍. അത് കൂടുതല്‍ ടെസ്റ്റ് ചെയ്തത് കൊണ്ടാണെന്ന് ഉടന്‍ പറയുന്നവര്‍ ഉണ്ടാകും, സത്യവുമാണ്. പക്ഷെ മരണത്തിന്റെ കണക്കെടുക്കൂ, അതില്‍ ടെസ്റ്റിംഗിന് പ്രാധാന്യം ഒന്നുമില്ലല്ലോ.
ദശ ലക്ഷം ജനസംഖ്യക്ക് ആയിരത്തി മുന്നൂറ്റി പതിനഞ്ചു പേര്‍ ന്യൂ യോര്‍ക്കിലും ദശ ലക്ഷം ജനസംഖ്യക്ക് അറുന്നൂറ്റി നാല്പത്തി ഏഴുപേര്‍ ഗ്രെയ്റ്റര്‍ ലണ്ടനിലും മരിച്ചപ്പോള്‍ കേരളത്തിലെ മരണ സംഖ്യ ദശ ലക്ഷത്തിന് 0.09 ആണ്.
ഇതൊരു മത്സരം ഒന്നുമല്ല, പക്ഷെ ലോകത്തില്‍ ദശലക്ഷത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള മറ്റൊരു പ്രാവശ്യയിലും ഇത്രയും നേരത്തെ കൊറോണ എത്തിയിട്ടും ഇതുപോലെ താഴ്ന്ന മരണ നിരക്കുള്ളതായി ഞാന്‍ ശ്രദ്ധിച്ചിട്ടില്ല. തിരിച്ച് അഭിപ്രായം ഉള്ളവര്‍ ഉണ്ടെങ്കില്‍ പറയണം. പഠിക്കാനാണ്.
ഇനി ഈ സ്ഥലങ്ങളിലെ വരുമാനവും ഡോക്ടര്‍മാരുടേയും ആശുപത്രി കിടക്കകളുടെയും ഒക്കെ എണ്ണം കൂടി നോക്കാം
കേരളം
ആളോഹരി വരുമാനം – 2937 ഡോളര്‍
ആശുപത്രി കിടക്കകള്‍ (ആയിരത്തിന്) – 1.8
ഡോക്ടര്‍മാരുടെ എണ്ണം (ആയിരത്തിന്) – 1.7
ന്യൂ യോര്‍ക്ക് സ്റ്റേറ്റ്
ആളോഹരി വരുമാനം – 88,981 ഡോളര്‍
ആശുപത്രി കിടക്കകള്‍ (ആയിരത്തിന്) – 3.06
ഡോക്ടര്‍മാരുടെ എണ്ണം (ആയിരത്തിന്) – 3.75
ഗ്രെയ്റ്റര്‍ ലണ്ടന്‍
ആളോഹരി വരുമാനം – 68108 ഡോളര്‍
ആശുപത്രി കിടക്കകള്‍ (ആയിരത്തിന്) 2.92
ഡോക്ടര്‍മാരുടെ എണ്ണം (ആയിരത്തിന്) 3.3
അപ്പോള്‍ മറ്റിടങ്ങളിലെ ഇരുപതിലൊന്നിലും താഴെ വരുമാനവും (ആളോഹരി) പകുതിയില്‍ താഴെ ആശുപത്രി സൗകര്യങ്ങളും ആയിട്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത്.
എന്തുകൊണ്ടാണ് കേരളം ഈ നേട്ടം കൈവരിച്ചത് എന്നതിന് ഓരോരുത്തര്‍ക്കും ഓരോ ഉത്തരങ്ങള്‍ ഉണ്ടാകാം. മുഖ്യമന്ത്രിക്ക് ഒട്ടും ക്രെഡിറ്റ് കൊടുക്കേണ്ട എന്നവര്‍ക്ക് കേരളത്തിലെ ചൂടും ഹ്യൂമിഡിറ്റിയും ഒക്കെയാണ് കാരണം എന്ന് പറയാം. മുഖ്യമന്ത്രിക്ക് തന്നെ എല്ലാ ക്രെഡിറ്റും കൊടുക്കാനുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ നേതൃത്വം ആണ് കാരണം എന്ന് പറയാം, പ്രധാനമന്ത്രിക്ക് ക്രെഡിറ്റ് കൊടുക്കണമെന്നനുളളവര്‍ക്ക് ലോക്ക് ഡൗണിന് എല്ലാ ക്രെഡിറ്റും കൊടുക്കാം. ശാസ്ത്രീയമായി ചിന്തിക്കുന്നവര്‍ക്ക് ഇതും മറ്റു പലതും കാരണങ്ങള്‍ ആയി ഉണ്ടാകാം. ഞാനും ഈ വിഷയം പഠിക്കുന്നുണ്ട്. എനിക്ക് എന്റെ നിഗമനങ്ങള്‍ ഉണ്ട്. പക്ഷെ അത് ഇവിടെ വിശദീകരിക്കുന്നതില്‍ കാര്യമില്ല, അതിനുള്ള സ്ഥലമോ സമയമോ അല്ല ഇത്.
പക്ഷെ ഒന്ന് നമുക്ക് ഉറപ്പിക്കാം. ലോകോത്തരമായ ഒന്ന്, ലോകത്തിന് മാതൃകയായ ഒന്ന് കേരളം നേടിയിട്ടുണ്ട്. അത് ലോകം ശ്രദ്ധിക്കുന്നുണ്ട്, കാലങ്ങളില്‍ ഇത് മെഡിക്കല്‍ പുസ്തകങ്ങളില്‍ കേസ് സ്റ്റഡി ആകും. അതില്‍ നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാം.
പക്ഷെ ആ മാതൃക ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ രക്ഷിച്ചിട്ടുണ്ട്. അത് നിങ്ങളുടെ ജീവന്‍ ആകാം, എന്റെ ആകാം, നമ്മുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഒക്കെയാകാം. അത് നമ്മള്‍ ഒരിക്കലും അറിയില്ല. അതാണ് ദുരന്ത നിവാരണത്തിന്റെ രീതി. മരണം ഒന്നും നടന്നില്ലെങ്കില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രിയെയും നടപ്പിലാക്കിയ മുഖ്യമന്ത്രിയെയും ഒക്കെ നമുക്ക് കുറ്റം പറയാം. ‘വല്ല ആവശ്യവും ഉണ്ടായിരുന്നോ!’.
കൊറോണയുടെ രണ്ടാം വരവിലും കേരളം മേല്‍ക്കൈ നേടി. ഇനിയുള്ളത് മൂന്നാം വരവാണ്.
മറ്റുനാടുകളില്‍ നിന്നുള്ള പ്രവാസികളുടെ വരവോടെ കേരളത്തില്‍ ഇനിയും കേസുകള്‍ ഉണ്ടാകും എന്നത് ഉറപ്പാണ്.കുറച്ചു പേരെങ്കിലും ഉത്തരവാദിത്തം ഇല്ലാതെ പെരുമാറി അത് വേണ്ടതില്‍ കൂടുതല്‍ വഷളാക്കും എന്നും പ്രതീക്ഷിക്കാം.
രണ്ടുമാസത്തോളമായി ലോക്ക് ഡൌണ്‍ ആയിട്ട്, വ്യക്തികളുടേയും കുടുംബങ്ങളുടെയും സാമ്പത്തികവും മാനസികവുമായ റിസര്‍വ്വ് ഒക്കെ കുറഞ്ഞു തുടങ്ങി. ജൂണ്‍ ആയി സ്‌കൂള്‍ തുറന്നില്ലെങ്കില്‍ എന്‍ട്രന്‍സ് പരീക്ഷകളും അഡ്മിഷനും നടന്നില്ലെങ്കില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും അവരുടെ മാതാപിതാക്കളുടെയും മാനസിക സംഘര്‍ഷം കൂടും. ഇതിന് മുകളിലാണ് മഴയും മഴക്കാല പനിയും വരാനുള്ളത്.
റിലാക്‌സ് ചെയ്യാന്‍ ഒട്ടും സമയമില്ല, അല്പസമയം റിലാക്‌സ് ചെയ്യാതെ പറ്റുകയുമില്ല. ഇതാണ് ഇനി വരുന്ന ദിവസങ്ങള്‍.
കൊറോണയുടെ ആദ്യകാലത്തേ ഞാന്‍ പറഞ്ഞത് പോലെ കൊറോണ ട്വന്റി ട്വന്റി മാച്ച് അല്ല, ടെസ്റ്റ് മച്ചാണ്. ഇനിയും ഇന്നിങ്സുകള്‍ ഉണ്ടാകും, രണ്ടാം റൗണ്ടിലെ ജയം നമുക്ക് സന്തോഷം നല്‍കണം, പക്ഷെ ജീവിതം ‘സാധാരണ നില’ യില്‍ ആകുമെന്നുള്ള പ്രതീക്ഷ തന്നെ ഏറെ നാളത്തേക്ക് മാറ്റിവക്കുന്നതാണ് നല്ലത്. ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ ആയിരങ്ങളുടെ ജീവന്‍ രക്ഷിക്കാം എന്ന് നാം മനസ്സിലാക്കി കഴിഞ്ഞു. ഇനി വരുന്ന കൊറോണയുടെ തിരമാലകളിലും ഇതേ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ മുഖ്യമന്ത്രി പറഞ്ഞത് പോലെ ലോകം ആദരവോടെ നോക്കിക്കാണുന്ന ഒരു സ്ഥലമായി കേരളം മാറും. മാറ്റണം.
മുരളി തുമ്മാരുകുടി