muraleedharan regenerate congress i group

രമ്പരാഗത ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കുന്നു. കെ മുരളീധരന്‍ ഐ ഗ്രൂപ്പിനെ ഏകോപിപ്പിക്കും. രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന വിശാല ഐ ഗ്രൂപ്പില്‍ തന്നോട് ഏറെ അടുപ്പം പുലര്‍ത്തുന്ന നേതാക്കളുമായി കെ മുരളീധരന്‍ ആശയവിനിമയം നടത്തി കഴിഞ്ഞതായാണ് അറിയുന്നത്.

യൂത്ത് കോണ്‍ഗ്രസിലേയും കെഎസ്‌യുവിലേയും രണ്ട് വീതം ജില്ലാതല നേതാക്കള്‍ക്കാവും പുനരുജ്ജീവന നടപടികളുടെ സംസ്ഥാനതല ചുമതല.

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുരളീധരന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രണ്ടുവട്ടവും ചുക്കാന്‍ പിടിച്ച വിവിധ ജില്ലകളില്‍ നിന്നുള്ള മേല്‍ സൂചിപ്പിച്ച നേതാക്കള്‍ തന്നെയാകും മുരളീധരന്റെ പുതിയ ദൗത്യം ഏറ്റെടുക്കുക.

തുടര്‍ന്ന് ഓരോ ജില്ലയിലും 15 അംഗ കോര്‍ ഗ്രൂപ്പ് ഉടന്‍ നിലവില്‍ വരും. പുനരുജ്ജീവിപ്പിക്കപ്പെടുന്ന പരമ്പരാഗത ഐ ഗ്രൂപ്പിനെ രണ്ട് മാസം കൊണ്ട് പൂര്‍ണ്ണ സജ്ജമാക്കുകയാണ് മുരളീധരന്റെ ലക്ഷ്യം. ഇതിനായി കെ മുരളീധരന്‍ ഓരോ ജില്ലയിലും രണ്ട് ദിവസം വീതം ക്യാമ്പ് ചെയ്യും.

നിലവിലെ അവസ്ഥയില്‍ കെ മുരളീധരന്‍ നേരിട്ടിറങ്ങിയാല്‍ ബൂത്ത് തലം മുതല്‍ വിശാല ഐ ഗ്രൂപ്പിനെ പിളര്‍ത്താമെന്നാണ് കണക്കുകൂട്ടല്‍.

എ ഗ്രൂപ്പിന്റെ കൂടി സഹായത്തോടെ ഇന്ദിര, രാജീവ്, കരുണാകരന്‍ സന്നദ്ധസേവന പരിപാടി സംഘടിപ്പിച്ചുകൊണ്ട് പരമ്പരാഗത ഐ ഗ്രൂപ്പ് വികാരം ജ്വലിപ്പിച്ചെടുക്കുകയാണ് നിലവിലെ തന്ത്രം.

ഗള്‍ഫ് മെഖലയിലെ കോണ്‍ഗ്രസ് അനുഭാവിളുടെ സാമ്പത്തിക സഹായം മുരളീധരന്‍ ഉറപ്പാക്കികഴിഞ്ഞു.

രാഷ്ട്രീയത്തില്‍ സമവാക്യങ്ങളും സ്ഥാനങ്ങളും ശാശ്വതമല്ലെന്നും 1989, 91, 99 കാലഘട്ടത്തില്‍ എംപി യും പാര്‍ട്ടിയുടെ പ്രതിസന്ധി ഘട്ടത്തിലടക്കം വട്ടിയൂര്‍ക്കാവ് പോലെ അതിശക്തമായ തൃകോണമത്സരം നടന്ന മണ്ഡലത്തില്‍ നിന്നും മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് എംഎല്‍എ ആയ മുരളീധരന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിനും തികഞ്ഞ യോഗ്യനെന്നാണ് മുരളീധര അനൂകൂലിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അവകാശപ്പെട്ടത്.

ഇവിടെ താരതമ്യം വിശാല ഐ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന രമേശ് ചെന്നിത്തലയോടാണെന്ന് വ്യക്തം.

മാനസികമായി ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണ പിന്തുണ കെ മുരളീധരന്‍ ഉറപ്പിച്ചുകഴിഞ്ഞു. എ കെ ആന്റണിയെയും വി എം സുധീരനേയും രമേശ് ചെന്നിത്തലയേയും സംഘടനാപരമായി ഒരുതരത്തിലും അംഗീകരിക്കാത്ത തരത്തിലേക്ക് ഉമ്മന്‍ചാണ്ടി എത്തിക്കഴിഞ്ഞു. തന്റെ രാഷ്ട്രീയ പ്രതിസന്ധികാലത്ത് പിന്തുണ നല്‍കുന്നതില്‍ ഇവര്‍ മൂന്ന് പേരും തികച്ചും ദയനീയമായി പിന്നോട്ട് പോയെന്ന വികാരം ഉമ്മന്‍ചാണ്ടി മനസാക്ഷിസൂക്ഷിപ്പുകാരുമായി പങ്കുവച്ചിട്ടുണ്ട്.

ഗ്രൂപ്പ് വികാരങ്ങള്‍ക്കപ്പുറം മുരളീധരനോട് പശ്ചാത്താപവിവശമായ മനസ്സാണ് നിലവില്‍ ഉമ്മന്‍ചാണ്ടിക്കുള്ളതെന്ന് കറകളഞ്ഞ ഉമ്മന്‍ചാണ്ടി ഭക്തനായ ഒരു ജനപ്രതിനിധി ടെലിഫോണ്‍ സംഭാഷണത്തില്‍ എന്നോട് വ്യക്തമാക്കിയിട്ടുണ്ട്.

1994 ല്‍ താന്‍ ബീജാവാപം ചെയ്ത് പ്രക്ഷോഭമാക്കി വളര്‍ത്തിയെടുത്ത് കെ കരുണാകരനെ മുഖ്യമന്ത്രി കസേരയില്‍ നിന്നും ചവുട്ടി പുറത്താക്കിയ ഐഎസ്ആര്‍ഓ ചാരക്കേസിന്റെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ ഉചിതസമയത്ത് തനിക്ക് ഉതകാത്തതില്‍ ഉമ്മന്‍ചാണ്ടിക്ക് കടുത്ത മനസ്താപമുണ്ട്.

1994 സംഭവഗതികളില്‍ നന്നായി പശ്ചാതപിക്കുന്ന ഉമ്മന്‍ചാണ്ടി കെ മുരളീധരനിലൂടെ കെ കരുണാകരനോട് പ്രായശ്ചിത്തം ചെയ്യുകയാണോ എന്ന എന്റെ ചോദ്യത്തോട് ‘ചാണ്ടി സര്‍ ദൈവഭയമുള്ള ആളാണെന്നാണ്’ ചിരിച്ചുകോണ്ട് നേതാവ് പ്രതികരിച്ചത്.

സാക്ഷാല്‍ കെ കരുണാകരനെ രാഷ്ട്രീയ നിരായുധനാക്കിയ 1994 ഐഎസ്ആര്‍ഓ ചാരക്കേസിന്റെ ഉപജ്ഞാതാവായ ഉമ്മന്‍ ചാണ്ടി പശ്ചാത്താപവിവശനായി മനസറിഞ്ഞ് കുമ്പസരിച്ചാല്‍ വാഴുന്നവര്‍ ആര് വീഴുന്നവര്‍ ആര്…

(വിവരണം: എസ് വി പ്രദീപ്, ന്യൂസ് എഡിറ്റര്‍, മംഗളം ടെലിവിഷന്‍. 9495827909)

Top