ഒറ്റച്ചിത്രം കൊണ്ട് സംവിധായകന്‍ എന്ന നിലയില്‍ അടയാളപ്പെടുത്തിയ ആളാണ് പൃഥ്വിരാജ്. മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് ഒരുക്കിയ ‘ലൂസിഫര്‍’ ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് പ്രതികരണമാണ് നേടിയെടുത്തത്. മലയാളം ബോക്‌സ് ഓഫീസിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രവുമായി ഇത്. ‘ലൂസിഫറി’ന്റെ തുടര്‍ച്ചയായ ‘എമ്പുരാന്റെ’ പ്രഖ്യാപനം പിന്നാലെ നടന്നു.
എന്നാല്‍ അപ്പോഴൊക്കെ ഒരു ചോദ്യം സിനിമാപ്രേമികളുടെ മനസില്‍ ഉണ്ടായിരുന്നു. എന്നെങ്കിലും മമ്മൂട്ടിയെ നായകനാക്കി പൃഥ്വിരാജ്- മുരളി ഗോപി ടീം ഒരു ചിത്രം ഒരുക്കുമോ? അത്തരമൊരു ചിത്രം ഒരുക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് പൃഥ്വിരാജ് നേരത്തേ പറഞ്ഞിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ ഉറപ്പ് നല്‍കുകയാണ് മുരളി ഗോപി.
തീര്‍ച്ഛയായും അത് ആലോചനയിലുള്ള സിനിമയാണ്. ഞങ്ങള്‍ അത് പ്ലാന്‍ ചെയ്തിട്ടുള്ള ഒരു സാധനമാണ്. മമ്മൂട്ടി എന്ന നടനും മെഗാസ്റ്റാറിനുമുള്ള ട്രിബ്യൂട്ട് ആയിരിക്കും അത്. അത് വരുന്നുണ്ട്. അങ്ങനെയൊരു സാധനം പ്ലാന്‍ ചെയ്യുന്നുണ്ട്. നേരത്തെ കമ്മിറ്റ് ചെയ്തിട്ടുള്ള പ്രോജക്റ്റുകള്‍ കഴിഞ്ഞിട്ട് ചെയ്യാം എന്നാണ് പ്ലാന്‍’, മുരളി ഗോപി വ്യക്തമാക്കുന്നു. മനസ്സില്‍ ഒരു കഥയുണ്ടെന്നും മുരളി ഗോപി എന്ന് പൂര്‍ണ്ണമായ ഒരു തിരക്കഥ നല്‍കുന്നോ അന്ന് താന്‍ മമ്മൂക്കയ്ക്കു മുന്നില്‍ സിനിമ അവതരിപ്പിക്കുമെന്നാണ് പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്.
അതേസമയം മമ്മൂട്ടി എന്ന വ്യക്തിത്വത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം മുരളി ഗോപി ഇങ്ങനെ പങ്കുവെക്കുന്നു- ‘മമ്മൂക്ക അടക്കമുള്ളവര്‍ പ്രചോദനങ്ങളാണ്. എനിക്ക് ഒരു പാട്രിയാര്‍ക്കിയല്‍ ഫീലുള്ള ആളാണ് അദ്ദേഹം. പഴയ-പുതിയ കാലങ്ങളുടെ ഒരു യഥാര്‍ഥ സങ്കലനം ഉള്ള ആളാണെന്നും തോന്നിയിട്ടുണ്ട്. വളരെ നാടനായ ഒരു മനുഷ്യനെയും അദ്ദേഹത്തില്‍ കാണാന്‍പറ്റും. എനിക്ക് അച്ഛന്റെ അടുത്തിരിക്കുന്നതുപോലെയുള്ള ഒരു ഫീല്‍ ആണ്.
അദ്ദേഹത്തിന്റെ മനസില്‍ നമ്മളോടുള്ള സ്‌നേഹം നമുക്ക് ഫീല്‍ ചെയ്യാന്‍ പറ്റും, പക്ഷേ അത് പ്രകടിപ്പിക്കുന്ന രീതി വേറെ ആയിരിക്കും. എനിക്ക് വളരെ ഇഷ്ടവും ബഹുമാനവുമുള്ള ഒരാളാണ് മമ്മൂട്ടി സാര്‍’, മുരളി ഗോപി പറയുന്നു. അതേസമയം മുരളി ഗോപിയുടെ തിരക്കഥയില്‍ മമ്മൂട്ടി നായകനാവുന്ന മറ്റൊരു ചിത്രവും ഒരുങ്ങുന്നുണ്ട്. നവാഗതനായ ഷിബു ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ്. ബിഗ് ബജറ്റിലാവും ഈ ചിത്രം ഒരുങ്ങുക.