വലതുപക്ഷത്തിന് എതിര് നില്‍ക്കുന്ന രാഷ്ട്രീയമാണ് തന്റേതെന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി. എന്നാല്‍ അതിനര്‍ഥം മുഖ്യധാരാ ഇടതുപക്ഷത്തെ താന്‍ വിമര്‍ശിക്കില്ലെന്നല്ലെന്നും മുരളി ഗോപി പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ടിയാന്‍ എന്നീ ചിത്രങ്ങളെ മുന്‍നിര്‍ത്തി സിനിമകളിലൂടെ താന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തക്കുറിച്ചും അഭിമുഖത്തില്‍ മുരളി ഗോപി സംസാരിക്കുന്നുണ്ട്. “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ശരിക്കും പറഞ്ഞാല്‍ ഒരു ഇടതുപക്ഷ സിനിമ ആയിരുന്നു. ഇടതുപക്ഷത്തെ നോക്കിക്കാണുന്ന ചിത്രം. പക്ഷേ മുഖ്യധാരാ ഇടതുപക്ഷത്തെ വിമര്‍ശിക്കുന്നത് മൊത്തം ഇടതുപക്ഷ രാഷ്ട്രീയത്തിനുമെതിരായ വിമര്‍ശനമാണെന്നാണ് ചിലര്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവന്‍ എന്ന കഥാപാത്രത്തിന് പിണറായി വിജയന്റെ ഛായയുണ്ടെന്ന നിരീക്ഷണത്തോട് മുരളി ഗോപിയുടെ പ്രതികരണം ഇങ്ങനെ- സമകാലികമായ ചില സാമ്യങ്ങള്‍ സ്വാഭാവികമായും ഉണ്ടാവും. പക്ഷേ ആ കഥാപാത്രം ഏതെങ്കിലും ഒരു വ്യക്തിത്വത്തെ മുന്‍നിര്‍ത്തിയുള്ളതല്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. ലെനിന്റെയും സ്റ്റാലിന്റെയും ഘടകങ്ങള്‍ ആ കഥാപാത്രത്തില്‍ ഉണ്ട്. മുഖ്യധാരാ ഇടത് രാഷ്ട്രീയത്തിലെ വ്യക്ത്യാരാധനയുടെ വളര്‍ച്ച എങ്ങനെ സംഭവിക്കുന്നെന്ന് ആ ചിത്രം കാണിക്കുന്നുണ്ട്. ഇടതിന്റേതായ ഇടത്തില്‍ വ്യക്ത്യാരാധന വന്നാല്‍ അത് വലതുപക്ഷമായി മാറും”, മുരളി ഗോപി പറയുന്നു.
തന്റെ ചിത്രങ്ങളില്‍ വലതുപക്ഷ വിമര്‍ശനവുമുണ്ടെന്ന് ടിയാനെ മുന്‍നിര്‍ത്തി മുരളി ഗോപി പറയുന്നു- “ഫാസിസ്റ്റ് ശക്തികള്‍ക്കെതിരായ വിമര്‍ശനവും എന്റെ ചിത്രങ്ങളിലുണ്ട്. ഉദാഹരണത്തിന് ടിയാന്‍. ഒരു വലതുപക്ഷ വിരുദ്ധ ചിത്രമാണ് അത്. അതേസമയം ഫാസിസം എന്നത് വലതുപക്ഷത്തിന്റെ കുത്തകയല്ല. മുഖ്യധാരാ ഇടതുപക്ഷത്തിലും ഫാസിസത്തിന്റേതായ ഘടകങ്ങളുണ്ട്”, മുരളി ഗോപി പറഞ്ഞവസാനിപ്പിക്കുന്നു.