ഏഷ്യന്‍ ഗെയിംസ് ലോങ്ജമ്പില്‍ മുരളി ശ്രീശങ്കറിന് വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ അഭിമാനമായി മലയാളി താരം മുരളി ശ്രീശങ്കര്‍. ലോങ്ജമ്പില്‍ വെള്ളി മെഡലാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്. 8.19 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കര്‍ വെള്ളി നേട്ടം സ്വന്തമാക്കിയത്. ഈ ഇനത്തില്‍ ചൈനയുടെ വാങ് ജിയാനന്‍ സ്വര്‍ണം നേടി. 8.22 മീറ്റര്‍ ദൂരമാണ് ചൈനീസ് താരം ചാടിയത്.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ഇതുവരെ 50 മെഡലുകള്‍ സ്വന്തമാക്കി. 13 സ്വര്‍ണവും 19 വെള്ളിയും 18 വെങ്കലവും ഇന്ത്യ ഇതുവരെ നേടിക്കഴിഞ്ഞു. മെഡല്‍ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.

മലയാളി താരം മുരളി ശ്രീശങ്കറിന്റെ ആദ്യ ശ്രമം പരാജയമായിരുന്നു. എന്നാല്‍ രണ്ടാം ശ്രമത്തില്‍ മികച്ച ചാട്ടത്തോടെ ശ്രീശങ്കര്‍ തിരിച്ചുവന്നു. 7.87 മീറ്ററാണ് രണ്ടാം ശ്രമത്തില്‍ ശ്രീശങ്കര്‍ ചാടിയത്. മൂന്നാം ശ്രമം എട്ട് മീറ്റര്‍ കടന്നത് ആരാധകരില്‍ പ്രതീക്ഷ ഉണര്‍ത്തി. 8.01 മീറ്ററായിരുന്നു മൂന്നാം ശ്രമത്തിലെ നേട്ടം. നാലാം ശ്രമം വെള്ളി മെഡലിലേക്കുള്ള ചാട്ടമായിരുന്നു. 8.19 ദൂരം പിന്നിട്ട മലയാളി താരം ചൈനീസ് താരത്തെ ഞെട്ടിച്ചു. അഞ്ചാം ശ്രമം ഫൗളായി. അവസാന ശ്രമത്തിലും ചൈനീസ് താരത്തെ മറികടക്കാന്‍ കഴിയാതെ വന്നതോടെയാണ് ശ്രീശങ്കര്‍ രണ്ടാമതായത്.

 

 

 

Top